ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബി.ജെ.പി സര്‍ക്കാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. യു.പിയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണെന്നും അടിമുടി താറുമാറായ ഒരു സംവിധാനമാണ് യു.പിയില്‍ ഉള്ളതെന്നും പ്രിയങ്ക പറഞ്ഞു.
ഒരുപക്ഷേ, നമ്മുടെ രാജ്യം ഒരു ജനാധിപത്യ രാജ്യമാണെന്ന് അവര്‍ മറന്നിരിക്കാം, പക്ഷേ പൊതുജനം അധികാരത്തിലിരിക്കുന്നവരെ അത് ഓര്‍മ്മപ്പെടുത്തുക തന്നെ ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു.
രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിക്ക് നേരെ യു.പി പൊലീസിന്റെ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനം.
ഹാത്രാ സില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ ചൗധരിക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്ക് നേരെയുള്ള ഇത്തരത്തിലുള്ള അക്രമം വളരെ അപലപനീയമാണെന്നും അവര്‍ പറഞ്ഞു.
നേരത്തെ ഹാത്രാസിലേക്ക് പോകുംവഴി പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നേരെ പൊലീസ് കയ്യേറ്റം നടത്തിയിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാഹുലും പ്രിയങ്കയും ഹാത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടത്.
പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുംവഴി പ്രിയങ്കാ ഗാന്ധിയെ കയ്യേറ്റം ചെയ്ത പൊലീസിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെ പ്രിയങ്കാ ഗാന്ധിയോട് മാപ്പ് ചോദിച്ച് പൊലീസ് രംഗത്തെത്തിയയിരുന്നു.
അതേസമയം, പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ഹാത്രാസിലെത്തിയ ചന്ദ്രശേഖര്‍ ആസാദിനെയും പൊലീസ് തടഞ്ഞിരുന്നു. ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെവെച്ചാണ് പൊലീസ് ഭീം ആര്‍മി സംഘത്തെ തടഞ്ഞത്. തുടര്‍ന്ന് ഹാത്രാസിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയായിരുന്നു ആസാദും സംഘവും.
പെണ്‍കുട്ടിയുടെ കുടുംബം സുരക്ഷിതമല്ലെന്നും വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ സുരക്ഷ നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക