| Wednesday, 5th January 2022, 1:21 pm

ഇത് ഇന്ത്യാരാജ്യമാണ്, പാക്കിസ്ഥാനല്ല, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റാലി നടത്തും; വെല്ലുവിളിച്ച് കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുന്‍ നിശ്ചയിച്ച പ്രകാരം സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട്  ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ റാലി നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന അനുമതി നോക്കിയല്ല സംഘപരിവാര്‍ സംഘടനകള്‍ റാലി നടത്തുന്നത്. രാജ്യത്ത് എവിടെയും പ്രകടനം നടത്താനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ഇന്ന് സംസ്ഥാനത്തെ വിവിധ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ ഒരുമിച്ച് ചേര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ഭീകരതക്കെതിരെ പ്രകടനം നടത്തുമെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. .

പ്രകടനവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെങ്കില്‍ പൊലീസ് നടപടിയെടുക്കേണ്ടത് പോപ്പുലര്‍ ഫ്രണ്ടിനെതിരെയാണ്. ഞങ്ങള്‍ കലാപമുണ്ടാക്കാന്‍ പോകുന്നവരല്ല. സാമാധാനമായി പ്രതിഷേധിക്കുകയാണ് ചെയ്യുന്നത്. പ്രകടനം നടത്തരുതെന്ന് പറയാന്‍ ഇത് പാക്കിസ്ഥാനല്ല. ഇന്ത്യാരാജ്യമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ കലാപമുണ്ടാകുമെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെങ്കില്‍ പൊലീസ് പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. പൊലീസിന് ജാഗ്രതക്കുറവുണ്ടെന്ന് കാലങ്ങളായി പറയുന്ന കാര്യമാണ്. പൊലീസ് ജാഗ്രത പാലിക്കണം. പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ആലപ്പുഴ രഞ്ജിത് വധത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ബുധനാഴ്ച നടത്തുന്ന പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അക്രമസാധ്യതയുണ്ടെന്ന് പൊലീസിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.

ഈ റിപ്പോര്‍ട്ടിനെ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ കെ.സുരേന്ദ്രന്റെ പ്രസ്താവന വന്നിരിക്കുന്നത്. എസ്.ഡി.പി.ഐ ശക്തികേന്ദ്രങ്ങളിലൂടെയും പ്രകടനം കടന്നുപോകാനുള്ള സാധ്യതയുള്ളതിനാല്‍ അക്രമം നടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജാഗ്രതാ നിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നത്.

സംസ്ഥാന സര്‍ക്കാരും ഇതുസംബന്ധിച്ച നിര്‍ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ പൊലീസിന് നല്‍കിയിട്ടുള്ളത്.ആലപ്പുഴ രഞ്ജിത് വധത്തില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. അക്രമത്തിനുള്ള ആയുധങ്ങള്‍ ഉള്‍പ്പടെയാവും ആര്‍.എസ്.എസ് റാലി നടത്തുകയെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.എസ്.ഡി.പി.ഐയുടെ ശക്തികേന്ദ്രങ്ങളിലൂടെയും പ്രകടനം കടന്നുപോവാനുള്ള സാഹചര്യമുള്ളതിനാല്‍ സംസ്ഥാനത്ത് പലയിടത്തും അക്രമത്തിന് സാധ്യയുണ്ടെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന ജാഗ്രത വേണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നല്‍കിയിരിക്കുന്നത്.സോഷ്യല്‍ മീഡിയ വഴി ജാഥയുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള വിവരങ്ങളും പങ്കുവെക്കരുതെന്ന കര്‍ശന നിര്‍ദേശം പ്രവര്‍ത്തകര്‍ക്ക് ആര്‍.എസ്.എസ് നേതാക്കള്‍ നല്‍കിയിട്ടുണ്ട്.സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളാണ് ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത്.

ഫോണ്‍ വിളിച്ചോ, സമൂഹമാധ്യങ്ങളിലൂടെയോ പറയുന്നതിന് പകരം പ്രവര്‍ത്തകരെ നേരിട്ടുകണ്ട് പ്രകടനത്തില്‍ പങ്കെടുക്കാനാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.ആലപ്പുഴയിലാണ് കൂടുതല്‍ ജാഗ്രത വേണ്ടതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എസ്.ഡി.പി.ഐ ശക്തികേന്ദ്രത്തിലടക്കം ആലപ്പുഴയൊന്നാകെ പൊലീസിനെ വിന്യസിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ തീരുമാനം. എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശവും ഡി.ജി.പി നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

This is India, not Pakistan. Rallies in Muslim-majority centers’; K Surendran challenges Popular Front

We use cookies to give you the best possible experience. Learn more