കഴിഞ്ഞ ലോകകപ്പില്‍ ഫൈനല്‍ വരെയുള്ള അര്‍ജന്റീനയുടെ പ്രയാണത്തിന് ചുക്കാന്‍ പിടിച്ച താരമാണ് ഏയ്ഞ്ചല്‍ ഡി മരിയ. കളിക്കളത്തില്‍ കഠിനാധ്വാനിയായ ഡി മരിയയുടെ വേഗവും ആക്രമണോത്സുകതയുമാണ് പല മത്സരങ്ങളും ജയിക്കാന്‍ അര്‍ജന്റീനയെ സഹായിച്ചത്.
എന്നാല്‍ ഫൈനലിന് തൊട്ട് മുമ്പ് കാലിന് പരിക്കേറ്റ ഡി മരിയക്ക് ലോകകപ്പ് ഫൈനലില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ഡി മരിയയൂടെ വലത് വിങ്ങിലെ അഭാവം അലട്ടിയ അര്‍ജന്റീന ഒരു ഗോളിന് ജര്‍മ്മനിയോട് പരാജയപ്പെട്ടിരുന്നു. ഡി മരിയ ഉണ്ടായിരുന്നെങ്കില്‍ അര്‍ജന്റീന കഴിഞ്ഞ വര്‍ഷം ലോകകപ്പ് ഉയര്‍ത്തിയേക്കും എന്ന് വിശ്വസിക്കുന്നവര്‍ ഏറെ.
ഫൈനല്‍ മത്സരം കളിക്കാഞ്ഞ ഡി മരിയ, മിന്നുന്ന ഫോമിലായിട്ടും റയല്‍ മാഡ്രിഡ് ഡി മരിയയെ ലോകകപ്പ് കഴിഞ്ഞ ഉടനെ വിറ്റിരുന്നു. തന്നെ ക്ലബ്ബ്, ലോകകപ്പ് കളിക്കാന്‍ അനുവദിച്ചില്ലെന്നും താരം പിന്നീട് വെളിപ്പെടുത്തി. ക്ലബ്ബ് തന്നെ കളിക്കാന്‍ അനുവദിക്കാഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം ഇപ്പോള്‍. “ദ് പ്ലയേസ് ട്രിബ്യൂണി”ന് അനുവദിച്ച അഭിമുഖത്തിലാണ് ഡി മരിയ റയല്‍ തന്നെ ഫൈനല്‍ കളിക്കാന്‍ അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുന്നത്.
“”ഞാന്‍ എന്റെ പരിശീലകനോട് പറഞ്ഞത്, എന്റെ പരിക്ക് അധികമായാലും കുഴപ്പമില്ല, എനിക്ക് ഏത് വിധേനയും ഫൈനല്‍ കളിക്കണം എന്നാണ്. ഇതിനായി ഞാന്‍ കാലില്‍ ഐസ് വെച്ച് കൊണ്ടിരുന്നപ്പോഴാണ് ടീം ഡോക്ടര്‍ റയല്‍ മാഡ്രിഡില്‍ നിന്നുമുള്ള കത്തുമായി വരുന്നത്. ഞാന്‍ കളിക്കാനുള്ള അവസ്ഥയില്‍ അല്ലെന്നും, എന്നെ കളിപ്പിക്കരുതെന്നും അര്‍ജന്റീനന്‍ ടീമിനോട് ആവശ്യപ്പെടുന്ന കത്തായിരുന്നു അത്”” ഡി മരിയ അഭിമുഖത്തില്‍ പറയുന്നു.
“”എനിക്ക് ഉടന്‍ തന്നെ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായി. ലോകകപ്പിന് ശേഷം കൊളംബിയന്‍ താരം ജയിംസ് റോഡ്രിഗസിനെ വാങ്ങാനുള്ള നീക്കത്തിലാണ് റയല്‍. ടീമില്‍ സ്ഥലം ഉണ്ടാക്കാന്‍ അവര്‍ക്ക് എന്നെ വില്‍ക്കണം. അതുകൊണ്ട് അവരുടെ വില്‍പ്പന വസ്തു ആയ ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാന്‍ ആയിരിക്കണം. ആളുകള്‍ കാണാത്ത ഫുട്‌ബോളിലെ കച്ചവടം ഇതാണ്” ഡി മരിയ പ്ലയേസ് ട്രിബ്യൂണിനോട് പറഞ്ഞു.
താന്‍ കത്ത് തുറന്ന് പോലും നോക്കിയില്ലെന്നും, കത്ത് താന്‍ കീറിക്കളഞ്ഞെന്നും ഡി മരിയ പറയുന്നുണ്ട്. താന്‍ കോച്ച് സബല്ലേയോട് തന്നെ കളിപ്പിക്കണം എന്നാവശ്യപ്പെട്ട് കരഞ്ഞു. എനിക്ക് എങ്ങനെയും ലോകകപ്പ് ജയിക്കണം, നിങ്ങള്‍ വിളിച്ചാല്‍ ഞാന്‍ പരിക്ക് പറ്റുന്നത് വരെ കളിക്കാം എന്ന് താന്‍ കോച്ചിനൊട് പറഞ്ഞെന്നും ഡി മരിയ പറയുന്നു.
എന്നാല്‍ ലോകകപ്പ് ഫൈനലില്‍ താരത്തെ കോച്ച് വിളിച്ചിരുന്നില്ല. തുടര്‍ന്ന് അര്‍ജന്റീന മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു.
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.