ഇതാണ് ജനാധിപത്യത്തിന്റെ രീതി, നക്‌സലൈറ്റുകള്‍ക്ക് അതു മനസ്സിലാകില്ല: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
national news
ഇതാണ് ജനാധിപത്യത്തിന്റെ രീതി, നക്‌സലൈറ്റുകള്‍ക്ക് അതു മനസ്സിലാകില്ല: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 5:21 pm

ന്യൂദല്‍ഹി: രാജ്യമെങ്ങും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വ്യാപക അറസ്റ്റിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ, അറസ്റ്റുകളെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ജനാധിപത്യത്തിന്റെ രീതി ഇതാണെന്നും, അത് നക്‌സലൈറ്റുകള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു സ്വാമിയുടെ പ്രസ്താവന. അറസ്റ്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ സി.പി.ഐ.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാരാട്ടിന് ശബ്ദമുയര്‍ത്താന്‍ മാത്രമേ സാധിക്കുള്ളൂ എന്നും ജനാധിപത്യം നടപ്പില്‍ വരുത്താനാകില്ലെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം. “അദ്ദേഹം ആക്രോശിക്കട്ടെ, ഞങ്ങളതു കാര്യമാക്കുന്നില്ല. ഇവര്‍ക്കെല്ലാം ശബ്ദമുയര്‍ത്താന്‍ മാത്രമേ സാധിക്കൂ, ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനാകില്ല. ലഭിച്ച വിവരങ്ങളനുസരിച്ച് സര്‍ക്കാരിനു പ്രവര്‍ത്തിക്കേണ്ടിവന്നു.

കേസ് കോടതിയിലെത്തും. നടപടികള്‍ തെറ്റായിരുന്നു എന്ന് അഭിപ്രായമുള്ളവര്‍ക്ക് കോടതിയില്‍ വാദിക്കാം. ജനാധിപത്യം പ്രവര്‍ത്തിക്കുന്നതിങ്ങനെയാണ്, അത് നക്‌സലൈറ്റുകള്‍ക്ക് മനസ്സിലാകണമെന്നില്ല.” സ്വാമി മാധ്യമങ്ങളോടു പറഞ്ഞു.

 

Also Read: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്; #MeTooUrbanNaxal ക്യാംപെയിന്‍ ഏറ്റെടുത്ത് ട്വിറ്റര്‍; എന്നെയും അറസ്റ്റ് ചെയ്യൂ എന്ന് ആഹ്വാനം

 

ഭീമ കോര്‍ഗാവ് അക്രമത്തിനു കാരണക്കാരായവര്‍ എന്ന ആരോപണം ചുമത്തിയാണ് മുംബൈ, റാഞ്ചി, ഹൈദരാബാദ്, ഫരീദാബാദ്, ദല്‍ഹി, താനെ എന്നിവിടങ്ങളിലുള്ള സാമൂഹിക പ്രവര്‍ത്തകരുടെ വീടുകളില്‍ ഇന്നലെ ഒരേസമയം റെയ്ഡ് നടന്നത്. റെയ്ഡിനു ശേഷം അഞ്ചു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

ജനാധിപത്യപരമായ അവകാശങ്ങള്‍ക്കു മേലുള്ള ആക്രമണം എന്നായിരുന്നു വിഷയത്തോട് പ്രകാശ് കാരാട്ട് പ്രതികരിച്ചത്. എല്ലാ കേസുകളും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.