| Friday, 22nd September 2023, 3:06 pm

സഹകരണപ്രസ്ഥാനത്തിനും സംസ്ഥാന സർക്കാരിനും എതിരെയുള്ള കടന്നാക്രമണമാണ് ഇ.ഡിയുടേത്: എം.വി. ഗോവിന്ദൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇടത് സർക്കാരിനും സഹകരണ പ്രസ്ഥാനത്തിനും എതിരെയുള്ള കടന്നാക്രമണമാണ് ഇ.ടിയുടേത് എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

സർക്കാരിനെതിരെ കള്ളപ്രചാരവേലയാണ് നടക്കുന്നത് എന്നും സി.പി.ഐ.എം സംസ്ഥാന സമിതി യോഗത്തിന് ശേഷം എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
‘സർക്കാരിനെതിരെ കള്ളപ്രചാരവേലയാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും പാർട്ടി നേതാക്കൾക്കുമെതിരെ വലിയ പ്രചാരവേലയാണ് നടക്കുന്നത്. സഹകരണ മേഖലയിലെ ഇ.ഡി പരിശോധനയും ഇത്തരമൊരു രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്,’ അദ്ദേഹം പറഞ്ഞു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീനെതിരെ മൊഴി കൊടുക്കാൻ ആളുകളെ ഇ.ഡി ഭീഷണിപ്പെടുത്തുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

‘എ.സി. മൊയ്തീൻ എം.എൽ.എയുടെ വീട് റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഒരു തെളിവും മുന്നോട്ട് വെക്കാനില്ല. തെളിവുണ്ടാക്കുന്നതിന് വേണ്ടി ചിലരെ ചോദ്യം ചെയ്തു. അവരോട് എ.സി. മൊയ്തീൻ ചാക്കിൽ കെട്ടി പണവുമായി പോകുന്നത് കണ്ടു എന്ന് പറയാൻ അജ്ഞാപിച്ചു. അല്ലെങ്കിൽ ആ മുറിയിൽ വച്ച് എന്തും ചെയ്യുമെന്ന് പറഞ്ഞു. പുറം ലോകം കാണില്ല. അരവിന്ദനോട് പറഞ്ഞത്‌ മകളുടെ നിശ്ചയം നടക്കാൻ പോകുന്നില്ല എന്നാണ്. എന്നിട്ട് ഇ.ഡി തന്നെ ബലപ്രയോഗം നടത്തുകയാണ്. ചരിത്രത്തിൽ ഇല്ലാത്ത സംഭവമാണ്.

ആളുകളെ ആക്രമിക്കുക, ഉത്തരേന്ത്യയിൽ നിന്നടക്കം വന്ന ഉദ്യോഗസ്ഥരുടെ കൂട്ടമായ ശ്രമഫലമാണ് ഇതൊക്കെ. കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുക. ഇങ്ങനെയെല്ലാം ഉള്ള നടപടികൾ സ്വീകരിച്ചുവെന്ന് പി.എൻ. അരവിന്ദാക്ഷൻ എന്ന കൗൺസിലർ തന്നെ പറഞ്ഞതാണ്. അദ്ദേഹത്തിന് മർദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പോയി, ഇപ്പോൾ കേസ് കൊടുത്തിരിക്കുകയാണ്,’ എം.വി. ഗോവിന്ദൻ പറഞ്ഞു.

‘ഇ.ഡിക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്ന പ്രചരണമാണ് അവർ നടത്തുന്നത്. ഇടത് സർക്കാരിനെതിരെയും സഹകരണ പ്രസ്ഥാനത്തിനുമെതിരെയുള്ള കടന്നാക്രമണമാണ് ഇത്. ഇതിനെ ശക്തിയായി തന്നെ എതിർത്ത് മുൻപോട്ട് പോകേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

Content Highlight: This is ED’s attack on co-operative sector and state government: M.V. Govindan

We use cookies to give you the best possible experience. Learn more