| Wednesday, 12th December 2018, 10:37 am

ഇത് വെറും സാംപിള്‍ മാത്രം; മോദിയ്ക്കുള്ള യഥാര്‍ത്ഥ അടി വരാനിരിക്കുന്നതേയുള്ളൂ; കോണ്‍ഗ്രസിനെ അഭിനന്ദിച്ച് തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസ് നേടിയ വിജയത്തില്‍ പാര്‍ട്ടിയെ അഭിനന്ദിച്ച് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്.

ബി.ജെ.പി വിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും ബി.ജെ.പിക്ക് കിട്ടേണ്ട വിധി തന്നെയാണ് ഇതെന്നും തേജസ്വി യാദവ് പ്രതികരിച്ചു.

ബി.ജെ.പിക്ക് ജനങ്ങള്‍ നല്‍കിയ പാഠമാണ് ഇത്. ഇത് വെറും ഒരു തുടക്കമാണ്. ബി.ജെ.പിയ്ക്കുള്ള യഥാര്‍ത്ഥ തിരിച്ചടി 2019 ല്‍ ലഭിക്കാനിരിക്കുന്നതേയുള്ളൂ. ബി.ജെ.പിയുടെ ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അത്രയ്ക്ക് മടുത്തു കഴിഞ്ഞെന്നും തേജസ്വി യാദവ് പറഞ്ഞു.


വലിയ അവസരം ലഭിച്ചിട്ടും മോദി അത് തുലച്ചു ; എന്ത് ചെയ്യരുത് എന്ന പാഠം തന്നെ പഠിപ്പിച്ചത് മോദി: രാഹുല്‍ ഗാന്ധി


നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് മധ്യപ്രദേശില്‍ അന്തിമ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 114 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ജെ.പി 109 സീറ്റുകള്‍ നേടി. ബി.എസ്.പി രണ്ടിടത്തും സമാജ് വാദി പാര്‍ട്ടി ഒരിടത്തും ജയിച്ചുകയറി. നാലു സീറ്റുകളില്‍ സ്വതന്ത്രര്‍ക്കാണ് വിജയം.

കേവലഭൂരിപക്ഷത്തിന് 116 സീറ്റുകള്‍ വേണമെന്നിരിക്കെ ബി.എസ്.പി, എസ്.പി. എന്നിവരുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ഇരുപാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയതായി കമല്‍നാഥ് പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും മധ്യപ്രദേശിലെത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more