ന്യൂദല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ കുറ്റം ചുമത്താനുള്ള ദല്‍ഹി കോടതിയുടെ നടപടിയെ സ്വാഗതം ചെയ്ത് ഗുസ്തി താരങ്ങളായ സാക്ഷിമാലിക്കും ബജ്രംഗ് പൂനിയയും. കോടതി നടപടി രാജ്യത്തെ വനിത ഗുസ്തി താരങ്ങളുടെ വലിയ വിജയമാണെന്ന് ഇരുവരും പ്രതികരിച്ചു. നടപടി വിജയത്തിലേക്കുള്ള ചുവടുവെപ്പാണെന്നും അന്തിമ നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും സാക്ഷിമാലിക് പറഞ്ഞു.
‘ കേസ് ശരിയായ രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും ഇരകള്‍ക്ക് നീതി ലഭിക്കുമെന്നും അറിഞ്ഞതില്‍ സന്തോഷമുണ്ട്. ഇത് വിജയത്തിലേക്കുള്ള ചെറിയ ചുവടുവെപ്പാണ്. അന്തിമ നീതി ലഭിക്കുന്നത് വരെ ഈ പോരാട്ടം തുടരും. പുതിയ വനിത ഗുസ്തി താരങ്ങളുടെ ഭാവിയെ സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണിത്.
ബഹുമാനപ്പെട്ട കോടതിക്ക് നന്ദി പറയുന്നു. നിരവധി രാത്രികളില്‍ ചൂടും മഴയുമേറ്റ് ഞങ്ങള്‍ക്ക് തെരുവില്‍ ഉറങ്ങേണ്ടി വന്നിട്ടുണ്ട്. അതിന്റെ പേരില്‍ ഞങ്ങളുടെ കരിയര്‍ നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട്, സ്‌നേഹവും അനുഗ്രഹവും ചൊരിഞ്ഞവര്‍ക്ക് നന്ദിയുണ്ട്. ട്രോളിയവരെയും പരിഹസിച്ചവരെയും ദൈവം അനുഗ്രഹിക്കട്ടെ,’ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് കൂടിയായ സാക്ഷിമാലിക് പറഞ്ഞു.
‘ ഇത് വനിത ഗുസ്തി താരങ്ങളുടെ വലിയ വിജയമാണ്. രാജ്യത്തെ പെണ്‍മക്കള്‍ക്ക് ഇതുപോലൊരു ദുശ്കരമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുള്ള ഈ നടപടി അവര്‍ക്ക് വലിയ ആശ്വാസം നല്‍കും. വനിത ഗുസ്തി താരങ്ങളെ പരിഹസിച്ചവര്‍ ഈ അവസരത്തില്‍ ലജ്ജിക്കട്ടെ’ ബജ്‌റംഗ് പൂനിയ എക്‌സില്‍ കുറിച്ചു.
നേരത്തെ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്തി താരങ്ങളുടെ നേതൃത്വത്തിലാണ് ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരായ വലിയ സമരം നടന്നിരുന്നത്. ബ്രിജ്ഭൂഷണ്‍ സിങ്ങിനെ സംരക്ഷിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതുള്‍പ്പടെയുള്ള നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു സാക്ഷിമാലികും ബജ്‌റംഗ് പൂനിയയുമുള്‍പ്പടെയുള്ള താരങ്ങള്‍.
വെള്ളിയാഴ്ചയാണ് ആറ് വനിത ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ കുറ്റം ചുമത്താന്‍ ദല്‍ഹി കോടതി ഉത്തരവിട്ടത്. ദല്‍ഹി റൗസ് അവന്യൂകോടതിയാണ് ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്താന്‍ ഉത്തരവിട്ടത്. ആറ് പരാതികളില്‍ അഞ്ച് എണ്ണത്തിലും ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
ലൈംഗികാതിക്രമക്കുറ്റം ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റവും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. ആറ് വനിത ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ പരാതി നല്‍കിയത്. ഇതില്‍ ഒരു പരാതിയില്‍ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.
നേരത്തെ ഏപ്രില്‍ 18ന് കേസില്‍ വിധി പറയാനായി കോടതി തയ്യാറായിരുന്നെങ്കിലും ഗുസ്തി ഫെഡറേഷന്‍ ഓഫീസിലെ തന്റെ സാന്നിദ്ധ്യത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ വിധിപ്രഖ്യാപനം നീട്ടിവെക്കുകയായിരുന്നു. ശേഷം ഏപ്രില്‍ 26ന് ബ്രിജ്ഭൂഷണിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. പിന്നാലെയാണ് ഇന്ന് ഇയാള്‍ക്കെതിരെ ബ്രിജ്ഭൂഷണെതിരെ കോടതി കുറ്റം ചുമത്തിയിരിക്കുന്നത്.
ആറ് ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2023 ജൂണ്‍ 15നാണ് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ദല്‍ഹി പൊലീസ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീകളുടെ അന്ത്‌സ് ഹനിക്കല്‍, ലൈംഗികാതിക്രമം, പിന്തുടര്‍ന്ന് ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ചുമത്തിയിരിക്കുന്നത്.
content highlights: This is a step towards success; Wrestling players react to the court action against Brijbhushan