| Friday, 10th May 2019, 10:15 pm

മോദി പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കബഡി മത്സരമാണ് ഈ തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് കബഡി മത്സരമാണെന്നും, നരേന്ദ്ര മോദി കോണ്‍ഗ്രസിനോട് പരാജയപ്പെട്ടെന്നും രാഹുല്‍ ഗാന്ധി. ഹിമാചല്‍ പ്രദേശിലെ ഉനയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ റാം ലാല്‍ താക്കൂറിനെ പിന്തുണച്ചുള്ള തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം.

‘താന്‍ ഒരു അന്താരാഷ്ട്ര കബഡി താരമായിരുന്നെന്ന് റാം ലാല്‍ താക്കൂര്‍ജി എന്നോടു പറഞ്ഞിരുന്നു. അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിന്റെ ക്യാപ്റ്റനായിരുന്നു’- ഗാന്ധി പറഞ്ഞു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് ഒരു കബഡി മത്സരമാണെന്നും, അതില്‍ ഒരു വശത്ത് മോദിയും മറുവശത്ത് കോണ്‍ഗ്രസ് ആണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘മോദി തന്റെ പരിശീലകന്(അദ്വാനി) രണ്ടടി കൊടുത്തു . കോണ്‍ഗ്രസിന്റെ കളത്തിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ടീം അംഗങ്ങളായ ഗഡ്കരിജിയും, അരുണ്‍ ജെയ്റ്റ്‌ലിജിയും, സുഷമ സ്വരാജ് ജിയും മുന്നറിയിപ്പ് നല്‍കിയപ്പോള്‍ മോദി അത് വകവെച്ചില്ല. മോദി കോണ്‍ഗ്രസിന്റെ കളത്തിലേക്ക് വരികയും ഞങ്ങള്‍ അദ്ദേഹത്തെ പിടികൂടുകയും ചെയ്തു.

10-15 സെക്കന്റുകള്‍ വേണമെങ്കില്‍ അദ്ദേഹം കബഡി കബഡി എന്ന് പറഞ്ഞ് പിടിച്ചു നിന്നേക്കാം, എന്നാല്‍ അതിന് ശേഷം അദ്ദേഹത്തിന് ശ്വാസം നഷ്ടപ്പെടും. അതോടെ കളി തീരും’- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദി തന്റെ സ്വന്തം ടീമിനെ ബഹുമാനിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്ന മോദിയുടെ നടപടിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ പ്രസ്താവന.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ ‘ബോക്സര്‍’ എന്നു വിശേഷിപ്പിച്ചിരുന്നു. തൊഴിലില്ലായ്മയ്ക്കെതിരേ പോരാടാനാണ് മോദി ബോക്സിങ് റിങ്ങില്‍ കയറിയതെന്നും എന്നാല്‍ കളിയില്‍ പ്രഹരമേറ്റത് അദ്ദേഹത്തിന്റെ പരിശീലകനായ എല്‍.കെ അദ്വാനിക്കാണെന്നും രാഹുല്‍ പരിഹസിച്ചിരുന്നു.

‘തന്റെ 56 ഇഞ്ചിന്റെ പൊങ്ങച്ചം പറയുന്ന നരേന്ദ്രമോദിയെന്ന ബോക്സര്‍ തൊഴിലില്ലായ്മയ്ക്കെതിരെയും കര്‍ഷകപ്രശ്നങ്ങള്‍ക്കെതിരേയും അഴിമതിക്കെതിരേയുമൊക്കെ പോരാടാനാണ് ബോക്സിങ് റിങ്ങില്‍ക്കയറിയത്. അദ്വാനിയെ പ്രഹരിച്ചശേഷം അദ്ദേഹം നോട്ടസാധുവാക്കലില്‍ക്കൂടിയും ജി.എസ്.ടിയില്‍ക്കൂടിയും ചെറുകിട കച്ചവടക്കാരെയും വ്യാപാരികളെയും പുറത്താക്കി.’- എന്നായിരുന്നു ഹരിയാനയിലെ ഭിവാനിയില്‍ വെച്ചുനടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ രാഹുല്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more