ചങ്ങനാശ്ശേരി: ശബരിമല തീര്‍ത്ഥാടനത്തെ നിഷ്പ്രഭമാക്കാനുള്ള മത്സരമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
പഴം ചേര്‍ത്തുണ്ടാക്കുന്ന അപ്പം കരുതി വെച്ചാല്‍ പൂപ്പല്‍ ഉണ്ടാകും. അത് സത്യമാണ്. ഇതിനെ പ്രസാദത്തില്‍ മാരകവിഷമെന്ന് പ്രചരിപ്പിച്ച് ഭക്തരെ ആശങ്കയിലാഴ്ത്തുകയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. []
പ്രസാദം സംബന്ധിച്ചുള്ള വിവാദം ഒഴിവാക്കാന്‍ പ്രസാദം നിര്‍മ്മിക്കല്‍ ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാവണമെന്നും സുകുമാരന്‍ നായര്‍ അറിയിച്ചു.
എന്നാല്‍, കോന്നിയിലെ സി.എഫ്.ആര്‍.ഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് പൂപ്പല്‍ മാരകവിഷമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടികളില്‍ മരണകാരണവും മുതിര്‍ന്നവരില്‍ കരള്‍രോഗം, വയറിളക്കം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്കും ഈ പൂപ്പല്‍ കാരണമായെക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പമുണ്ടാക്കുന്നത് വൃത്തിഹീനമായ പ്രദേശത്താണെന്നും പൂപ്പല്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് അടുത്ത ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ശബരിമല ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
പൂപ്പല്‍ ബാധിച്ച രണ്ടര ലക്ഷത്തോളം പാക്കറ്റ് കഴിഞ്ഞദിവസം നശിപ്പിച്ചിരുന്നു. സന്നിധാനത്ത് വ്യാഴാഴ്ച രാത്രി എട്ടാം നമ്പര്‍ കൗണ്ടറിലൂടെ വിതരണം ചെയ്ത അപ്പത്തിലാണ് പൂപ്പല്‍ബാധ കണ്ടത്.
ആലുവ പടിഞ്ഞാറെ കടുനല്ലൂര്‍ കീഴ്പ്പള്ളിപറമ്പ് ജയനും സംഘവും പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് പരിശോധന നടത്തിയത്. പൂപ്പല്‍ ബാധിച്ചതായി പരിശോധനയില്‍ കണ്ടതിനെ തുടര്‍ന്നാണ് വില്‍പ്പനയ്ക്ക് ഒരുക്കിയ മുഴുവന്‍ പാക്കറ്റുകളും നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കിയത്.
നട തുറക്കുന്നതിന് മുമ്പേ ഉണ്ടാക്കിയ അപ്പത്തിലാണ് പൂപ്പല്‍ കണ്ടത്. ഇവ നശിപ്പിക്കുന്നതിന് പകരം നല്ലതിനോടൊപ്പം കൂട്ടിക്കലര്‍ത്തി പാക്കറ്റുകളില്‍ നിറച്ചാണ് വില്‍പ്പനയ്ക്ക് ഒരുക്കിയിരുന്നത്.
പൂപ്പല്‍ ബാധിച്ച് ഉപയോഗശൂന്യമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തിയ 1,66,317 കവര്‍ അപ്പമാണ് സന്നിധാനത്ത് നശിപ്പിച്ചത്. ഇതിന് 41.5 ലക്ഷം രൂപ വില വരും. ഒരു കവറില്‍ ഏഴെണ്ണം എന്ന കണക്കില്‍ 11,64,219 അപ്പമാണ് നശിപ്പിച്ചത്. ഒരു കവര്‍ അപ്പത്തിന് 25 രൂപയാണ് വില.
അതേസമയം,അപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നും വൃത്തിഹീനമായ സാഹചര്യത്തിലല്ല അപ്പം ഉണ്ടാക്കുന്നതെന്നും ശബരിമല ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.