| Wednesday, 1st February 2023, 12:01 pm

'ഇന്ത്യയിലോ ഇസ്രാഈലിലോ പോലും ഇങ്ങനെ സംഭവിച്ചിട്ടില്ല' ; പെഷവാർ ആക്രമണത്തിൽ പ്രതികരണവുമായി പാക് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്ലാമാബാദ്: ഇന്ത്യയിൽ പോലും വിശ്വാസികൾ പ്രാർത്ഥനയ്ക്കിടെ കൊലചെയ്യപ്പെട്ടിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. പെഷവാറിലെ പള്ളിയിൽ നടന്ന ചാവേറാക്രമണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കഴിഞ്ഞ ദിവസം പെഷവാറിലെ പള്ളിയിൽ നടന്ന ആക്രമണത്തിൽ 100 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

“ഇന്ത്യയിലോ ഇസ്രാഈലിലോ പോലും പ്രാർത്ഥനയ്ക്കിടെ വിശ്വാസികൾ കൊലചെയ്യപ്പെട്ടിട്ടില്ല. പക്ഷേ പാകിസ്ഥാനിൽ അത് സംഭവിച്ചു. പി.പി.പി ഭരിച്ചിരുന്ന കാലത്താണ് സ്വാത്തിൽ നിന്നും ആക്രമണങ്ങൾ ആരംഭിക്കുന്നത്. പിന്നീട് പി.എം.എൽ.എന്നിന്റെ ഭരണത്തോടെ കറാച്ചി മുതൽ സ്വാത്ത് വരെ സമാധാനം പുനസ്ഥാപിച്ചു. ഏകദേശം രണ്ട് വർഷങ്ങൾക്ക് മുൻപ് ഭീകരവാദത്തെ സംബന്ധിച്ച ബ്രീഫിങ് നൽകിയിരുന്നു. ചർച്ചകൾ നടത്താമെന്ന് വ്യക്തമാക്കിയിരുന്നു”, മന്ത്രി പറഞ്ഞു.

രാജ്യം ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും എന്നാൽ മാത്രമേ ഈ വിപത്തിനെ തുടച്ചുനീക്കാനാകൂയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭീകരവാദം ഒരു മതത്തേയും വിഭജിക്കുന്നില്ല, മറിച്ച് മതത്തിന്റെ പേരിൽ വിലപ്പെട്ട ജീവനുകൾ ഇല്ലാതാക്കാൻ വേണ്ടി ഉപയോ​ഗിക്കപ്പെടുകയാണെന്നും ഖവാജ ആസിഫ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു പെഷവാറിലെ പള്ളിയിൽ ഭീകരാക്രമണമുണ്ടായത്. അതീവ സുരക്ഷാ മേഖലയിലുള്ള സുന്നി പള്ളിയിലായിരുന്നു ചാവേറാക്രമണം നടന്നത്. നൂറോളം പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പ്രാർത്ഥനയ്ക്കായി വിശ്വാസികൾ പള്ളിയിലെത്തിയപ്പോഴായിരുന്നു ആക്രമണം. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തിൽ പള്ളിയുടെ ഒരു ഭാഗം പൂർണമായും തകർന്നു.

സർക്കാർ വാഹനത്തിലാണ് ചാവേർ പള്ളിയിലെത്തിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.

Content Highlight: ‘This has never happened in India or even in Israel’; Pak minister reacts to Peshawar attack

We use cookies to give you the best possible experience. Learn more