| Wednesday, 11th September 2019, 12:50 pm

'ഞാന്‍ സര്‍ക്കാരിനെയും പൊലീസിനെയും താക്കീത് ചെയ്യുകയാണ്, അറസ്റ്റിലൂടെ നിങ്ങള്‍ക്ക് ഞങ്ങളെ നിയന്ത്രിക്കാനാവില്ല'; ചന്ദ്രബാബു നായിഡു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: വീട്ടുതടങ്കലിലാക്കിയത് കൊണ്ടൊന്നും സര്‍ക്കാറിനെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന് ടി.ഡി.പി അധ്യക്ഷനും ആന്ധപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായി ചന്ദ്രബാബു നായിഡു.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടി പൗരാവകാശ ലംഘനവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

‘ഞാന്‍ സര്‍ക്കാരിനെയും പൊലീസിനെയും താക്കീത് ചെയ്യുകയാണ്. നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള രാഷ്ട്രീയം കളിയ്ക്കാന്‍ കഴിയില്ല. അറസ്റ്റിലൂടെ നിങ്ങള്‍ക്ക് ഞങ്ങളെ നിയന്ത്രിക്കാനും കഴിയില്ല. ഞാന്‍ ‘ചലോ അത്മകൂര്‍’ തുടരും’- ചന്ദ്രബാബു നായിഡു മാധ്യമങ്ങളോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘രാവിലെ മുതല്‍ എന്നെ തടഞ്ഞുവച്ചിരിക്കുകയാണ്. എന്നെ തടങ്കലിലാക്കിയത് കൊണ്ട് റാലി ഇല്ലാതാക്കാന്‍ സര്‍ക്കാറിന് കഴിയില്ല. ചരിത്രത്തില്‍ മുമ്പൊരിക്കലും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടില്ല. എന്തുവിലകൊടുത്തും ഞാന്‍ ഇന്ന് പോകും’- ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

ചന്ദ്രബാബു നായിഡു വീടിന് പുറത്തുപോകാതിരിക്കാന്‍ പൊലീസ് കയര്‍ ഉപയോഗിച്ച് ഗേറ്റുകള്‍ അടച്ചിരുന്നു. മാധ്യമങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ പൊലീസ് നേരത്തെ നിര്‍ദേശം നല്‍കിയെങ്കിലും നായിഡു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നായിഡുവിനെ കാണാന്‍ ടി.ഡി.പി നേതാക്കള്‍ വരുന്നതിനാല്‍ വീടിനു ചുറ്റും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

ജഗന്‍ മോഹന്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ടി.ഡി.പി പ്രവര്‍ത്തകരെ അകാരണമായി വേട്ടയാടുന്നെന്നാരോപിച്ചാണ് നായിഡു ഇന്ന് റാലി നടത്താനിരുന്നത്. റാലിക്ക് നേതൃത്വം നല്‍കാനായി ഗുണ്ടൂരിലേക്ക് പോകുന്നതിനിടെയാണ് അമരാവതിയിലെ ഉന്‍ഡവല്ലിയിലുള്ള വീട്ടില്‍ പൊലീസ് തടഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ നായിഡുവിന്റെ മകന്‍ നര ലോകേഷ് പൊലീസ് നടപടിയെ ശക്തമായി വിമര്‍ശിച്ചു. ഇത് ഏകാധിപത്യമാണെന്നും ആന്ധ്രയിലുടനീളം ടി.ഡി.പിയെ ഇല്ലാതാക്കാനാണ് ഭരണകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും നാര ലോകേഷ് ആരോപിച്ചു.

‘ടി.ഡി.പി നേതാക്കളും പ്രവര്‍ത്തകരും പീഡിപ്പിക്കപ്പെടുകയാണ്. പൊലീസ് ഒപ്പമുണ്ടെന്നു പറഞ്ഞ് വൈ.എസ്.ആര്‍.സി.പി എം.എല്‍.എമാര്‍ ഞങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. ഞങ്ങള്‍ ജനാധിപത്യപരമായ രീതിയിലാണു പ്രവര്‍ത്തിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ കൊലയാണ്.’- അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more