| Tuesday, 23rd May 2023, 6:41 pm

ദല്‍ഹി ഓര്‍ഡിനന്‍സ്: പിന്തുണയ്ക്ക് മമതയെ സന്ദര്‍ശിച്ച് കെജ്‌രിവാളും ഭഗവന്ത് മന്നും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ദല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവരുന്ന കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കെജ്‌രിവാളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ബി.ജെ.പി ജുഡീഷ്യറിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ സുപ്രീം കോടതി വിധികളെ പോലും മാനിക്കുന്നില്ല. അവരെ ഭരണഘടനയെ മാറ്റിയേക്കാമെന്ന് ഞങ്ങള്‍ ഭയക്കുന്നു. ബി.ജെ.പി ഈ രാജ്യത്തിന്റെ പേര് തന്നെ മാറ്റിയേക്കും. ഈ സര്‍ക്കാര്‍ ജനങ്ങളുടേതല്ല, ഏജന്‍സികളുടെ സ്വന്തം സര്‍ക്കാരായിരിക്കുന്നു. ബി.ജെ.പി സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വേണ്ടി, ഏജന്‍സികളാല്‍, ഏജന്‍സികളില്‍ നിന്ന് രൂപപ്പെട്ടതാണ്’ മമത പറഞ്ഞു.

ദല്‍ഹി സര്‍വീസ് ബില്‍ രാജ്യസഭയില്‍ പാസാകുന്നില്ലെന്ന് ഉറപ്പാക്കാനായാണ് കെജ്‌രിവാള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കാണാനായി ഇന്ന് കൊല്‍ക്കത്തയിലെത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, രാഘവ് ഛദ്ദ, സഞ്ജയ് സിങ് തുടങ്ങിയവരും കെജ്‌രിവാളിന് ഒപ്പമുണ്ടായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടി ദല്‍ഹി മുഖ്യമന്ത്രി ഇന്ന് മുതല്‍ രാജ്യവ്യാപക പര്യടനം ആരംഭിച്ചിരിക്കുകയാണ്.

ദല്‍ഹിയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി ഇന്ന് മുതല്‍ രാജ്യത്തുടനീളം പര്യടനം നടത്തുകയാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ‘വര്‍ഷങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും ദല്‍ഹിയുടെ അവകാശം ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സിലൂടെ ഈ അവകാശങ്ങളെല്ലാം എടുത്ത് കളഞ്ഞിരിക്കുകയാണ്.

ഒരു കാരണവശാലും ഈ ഓര്‍ഡിനന്‍സ് രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കരുത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും അധ്യക്ഷന്മാരെ കണ്ട് പിന്തുണ തേടും’ ദല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. നാളെ ഉദ്ധവ് താക്കറെയെയും 25ന് ശരദ് പവാറിനെയും കാണുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.

content highlights: This government has become a government ‘of the agency, by the agency and for the agency’

We use cookies to give you the best possible experience. Learn more