ന്യൂദല്‍ഹി: പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പ് തനിക്കൊരു തീര്‍ത്ഥയാത്ര പോലെയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള ചടങ്ങില്‍ മോദി ഇങ്ങനെ പറഞ്ഞതായി കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറയുന്നു.
‘ഒരുപാട് തെരഞ്ഞെടുപ്പുകള്‍ കണ്ടിട്ടുണ്ടെന്നും, എന്നാല്‍ ഈ തെരഞ്ഞെടുപ്പ് പ്രചാരണം അദ്ദേഹത്തിന് ഒരു ഒരു പ്രചാരണം പോലെയല്ല അനുഭവപ്പെട്ടത്. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് ഇത് ഒരു തീര്‍ത്ഥയാത്ര ആണെന്ന് തോന്നിയെന്നാണ്. മോദിയെ ഉദ്ധരിച്ചു കൊണ്ട് തോമര്‍ പറയുന്നു.
എന്‍.ഡി.എ സര്‍ക്കാര്‍ വിജകരമായിരുന്നെന്ന് അവകാശപ്പെട്ട മോദി, സഖ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തിന് നന്ദി അറിയിച്ച് കൊണ്ട് മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രിമാരെ കണ്ടിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ടു നിന്നതായിരുന്നു ഇവരുടെ മീറ്റിങ്.
ഇ.വി.എമ്മുകളെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചതിന് പ്രതിപക്ഷം ജനങ്ങളോട് മാപ്പു ചോദിക്കണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇ.വി.എം ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പകളില്‍ അവര്‍ മധ്യപ്രദേശിലും, രാജസ്ഥാനിലും, പഞ്ചാബിലും, ദല്‍ഹിയിലും വിജയിച്ചിട്ടുണ്ട് സിങ് പറഞ്ഞു.
പരാജയത്തെ ഭയക്കുന്നതിനാലാണ് പ്രതിപക്ഷം ഇ.വി.എമ്മുകളെക്കുറിച്ച് വ്യാജപ്രചരണം നടത്തുന്നതെന്ന് കേന്ദ്ര മന്ത്രിയും ശിരോമണി അകാലി ദള്‍ നേതാവുമായ ഹര്‍മിന്ദര്‍ സിങ് കൗറും ആരോപിച്ചു.
മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ സഖ്യകക്ഷി നേതാക്കള്‍ക്കും ബി.ജെ.പി നേതൃത്വം ദല്‍ഹിയില്‍ വിരുന്നൊരുക്കിയിരുന്നു.