| Thursday, 25th March 2021, 4:16 pm

ബി.ജെ.പി ഒരു എതിരാളിപോലുമല്ല, ജനങ്ങള്‍ തമിഴ്‌നാട്ടില്‍ കാണാനാഗ്രഹിക്കുന്ന മാറ്റം ഡി.എം.കെ: കനിമൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഡി.എം.കെ അധികാരത്തില്‍ വരണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എം.പിയും ഡി.എം.കെ നേതാവുമായ കനിമൊഴി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണെന്നും ആ മാറ്റമാണ് ഡി.എം.കെ എന്നും അവര്‍ പറഞ്ഞു.

ഡി.എം.കെയെ സംബന്ധിച്ച് ബി.ജെ.പി ഒരു എതിരാളിപോലുമല്ലെന്നും കനിമൊഴി പറഞ്ഞു. തമിഴ്‌നാട് ഭരിക്കുന്നത് എ.ഐ.എ.ഡി.എം.കെ സര്‍ക്കാരാണെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നത് ദല്‍ഹിയില്‍ നിന്നാണെന്നും കനിമൊഴി പറഞ്ഞു. എ.ഐ.എ.ഡി.എം.കെയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും പാര്‍ട്ടി ഏതുനിമിഷവും പിളര്‍ന്നുപോയേക്കാമെന്ന പേടി പാര്‍ട്ടിക്കുണ്ടെന്നും കനിമൊഴി പറഞ്ഞു.

അതേസമയം, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യം അധികാരത്തിലെത്തുമെന്നാണ് മാതൃഭൂമി- സി വോട്ടര്‍ സര്‍വ്വേ പ്രവചിച്ചത്. 234 സീറ്റുകളില്‍ 177 സീറ്റ് എം.കെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡി.എം.കെ സഖ്യം സ്വന്തമാക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. എ.ഐ.എ.ഡി.എം.കെയ്ക്ക് 49 സീറ്റ് മാത്രമേ ലഭിക്കൂ എന്നും സര്‍വ്വേ പറയുന്നു. കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് 3 സീറ്റും
ടി.ടി.വി ദിനകരന്റെ എ.എം.എം.കെയ്ക്ക് 5 സീറ്റും മറ്റുള്ള പാര്‍ട്ടികള്‍ക്ക് 2 സീറ്റുമാണ് പ്രവചിക്കുന്നത്.

234 നിയമസഭ സീറ്റുകളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. 118 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടി വിജയിക്കുന്നതിനായി വേണ്ടത്. നിലവിലെ നിയമസഭയില്‍ ഭരണകക്ഷിയായ അണ്ണാഡി.എം.കെയ്ക്ക് 124 സീറ്റുകളാണ് ഉള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ‘This election is about DMK and AIADMK… No one else is a significant player’,Kanimozhi

We use cookies to give you the best possible experience. Learn more