ഇന്ത്യ ഹിന്ദുക്കളുടേത്, ഞങ്ങളെ മതേതരത്വം പഠിപ്പിക്കേണ്ട: അസം മുഖ്യമന്ത്രി
റായ്പൂർ: ഛത്തീസ്‌ഗഢിലെ ഏക മുസ്‌ലിം മന്ത്രിയായ മുഹമ്മദ് അക്ബറിനെതിരെ വിദ്വേഷ പ്രസംഗം നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും കോൺഗ്രസ് അവരെ മതേതരത്വം പഠിപ്പിക്കേണ്ടെന്നും ബിശ്വ ശർമ പറഞ്ഞു. ഛത്തീസ്‌ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കവർധയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ ദേശം ഹിന്ദുക്കളുടേതാണ്. അത് ഹിന്ദുക്കളുടേതായി തന്നെ തുടരും. ഞങ്ങളെ മതേതരത്വം പഠിപ്പിക്കേണ്ട,’ അദ്ദേഹം പറഞ്ഞു.
കവർധയിൽ നിന്ന് നാല് തവണ എം.എൽ.എ ആയ കോൺഗ്രസിന്റെ മുഹമ്മദ് അക്ബറിനെതിരെ മത്സരിക്കുന്ന വിജയ് ശർമക്ക് വേണ്ടി പ്രചരണത്തിന് എത്തിയതായിരുന്നു ഹിമന്ത ബിശ്വ ശർമ.
‘ഛത്തീസ്‌ഗഢിനെ ലവ് ജിഹാദിൽ നിന്നും മത പരിവർത്തനത്തിൽ നിന്നും അക്ബറിനെ പോലുള്ള ആളുകളിൽ നിന്നും രക്ഷിക്കാൻ നമുക്ക് വിജയ് ശർമയെ പോലുള്ള ആളുകളെ വേണം.
നിങ്ങൾക്ക് അക്ബറിനെ വേണോ വിജയ്‌യെ വേണോ? നിങ്ങൾ ഈ തെരഞ്ഞെടുപ്പിൽ വിജയ്‌യെ ജയിപ്പിക്കൂ. അല്ലെങ്കിൽ കവർധയിലെ അക്ബർ ഛത്തീസ്‌ഢ് മുഴുവൻ കൈക്കലാക്കും,’ ബിശ്വ ശർമ പറഞ്ഞു.
അസമിൽ 40 വർഷങ്ങൾക്ക് മുമ്പ് മുസ്‌ലിമിനെ മുഖ്യമന്ത്രി ആക്കിയപ്പോൾ ബംഗ്ലാദേശികൾക്ക് വാതിൽ തുറന്നുകൊടുത്തെന്നും ബിശ്വ ശർമ ആരോപിച്ചു.
‘അസമിൽ, ഞങ്ങൾ ഇത് അനുഭവിക്കുകയാണ്. അതുകൊണ്ട് എനിക്ക് ഭാവി മുന്നിൽ കാണാനാകും. 40 വർഷം മുമ്പ്, ഞങ്ങളുടെ മുൻഗാമികൾ അത്തരമൊരു അക്ബറിനെ മുഖ്യമന്ത്രിയാക്കി. ആ മുഖ്യമന്ത്രി ബംഗ്ലാദേശിലേക്ക് വാതിലുകൾ തുറന്നിട്ടു,’ ബിശ്വ ശർമ പറഞ്ഞു.
അസമിലെ ഏക വനിതാ മുഖ്യമന്ത്രിയായ സൈദ അൻവാര തൈമൂറിനെ ഉദ്ദേശിച്ചായിരുന്നു ബിശ്വ ശർമയുടെ പരാമർശം.
നമ്മുടെ രാജ്യത്ത് ബാബറും ഔറംഗസേബും അക്ബറുമല്ല വേണ്ടതെന്നും നരേന്ദ്ര മോദിയേയും അമിത് ഷായേയും വിജയ് ശർമയേയുമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: This country is for Hindus, Don’t teach us secularism says Assam Chief Minister