| Tuesday, 24th March 2020, 4:17 pm

പ്രധാനമന്ത്രീ, ഒരു തരം ക്രിമിനല്‍ ഗൂഢാലോചനയാണ് താങ്കള്‍ നടത്തിയത് ; മുന്നറിയിപ്പുകള്‍ അവഗണിച്ച് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്ത കേന്ദ്രനടപടിക്കെതിരെ രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 നുമായി ബന്ധപ്പെട്ട് രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും സംഭവിച്ച വീഴ്ചയില്‍ ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം നിലവില്‍ നേരിടുന്ന അവസ്ഥയില്‍ ദു:ഖമുണ്ടെന്ന് പറഞ്ഞായിരുന്നു സര്‍ക്കാരിന് സംഭവിച്ച വീഴ്ചകള്‍ രാഹുല്‍ അക്കമിട്ട് നിരത്തിയത്.

നിലവില്‍ രാജ്യം നേരിടുന്ന അവസ്ഥയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കൂടി കാരണമാണെന്നും ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ കേന്ദ്രം വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

”എനിക്ക് സങ്കടമുണ്ട്, കാരണം ഇത് പൂര്‍ണ്ണമായും ഒഴിവാക്കാവുന്നതായിരുന്നു. നമുക്ക് തയ്യാറെടുക്കാന്‍ സമയമുണ്ടായിരുന്നു. ഈ ഭീഷണിയെ നമ്മള്‍ കൂടുതല്‍ ഗൗരവമായി കാണുകയും കൂടുതല്‍ നന്നായി തയ്യാറെടുക്കുകയും ചെയ്യണമായിരുന്നു,” രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

മാസ്‌കുകള്‍, കയ്യുറകള്‍ തുടങ്ങി അവശ്യ സംരക്ഷണ ഉപകരണങ്ങളുടെ അഭാവം ആശുപത്രികള്‍ നേരിടുന്നുണ്ടെന്ന ഹരിയാനയിലെ ഡോക്ടറുടെ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ മറുപടി.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ വെന്റിലേറ്ററുകള്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍ തുടങ്ങിയ അവശ്യ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ കയറ്റുമതി നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വൈകിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് വെന്റിലേറ്ററുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, ഡിസ്‌പോസിബിള്‍ മാസ്‌കുകള്‍, മാസ്‌ക്കുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന തുണിത്തരങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്നത് സര്‍ക്കാര്‍ മാര്‍ച്ച് 19 ന് മാത്രമായിരുന്നു കേന്ദ്രം നിരോധിച്ചിരുന്നത്.

‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം 1. വെന്റിലേറ്റര്‍ 2. സര്‍ജിക്കല്‍ മാസ്‌ക്.

ഇവയുടെ മതിയായ സ്റ്റോക്ക് ഇവിടെ ഉണ്ടാകേണ്ടതിന് പകരം മാര്‍ച്ച് 19 വരെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇവയെല്ലാം കയറ്റുമതി ചെയ്യാന്‍ അനുവദിച്ചത് എന്തുകൊണ്ടാണ്?

ഏത് തരം ശക്തികളാണ് ഈ കളികളെ പ്രോത്സാഹിപ്പിച്ചത്? ഇത് ഒരു തരം ക്രിമിനല്‍ ഗൂഢാലോചന അല്ലേ? ”, എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ചോദിച്ചത്.

കൊറോണ വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനം തടയുന്നതിനായി 560 ജില്ലകളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെടുന്ന ഇന്ത്യയിലെ 32 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മുഴുവന്‍ ലോക്ഡൗണ്‍ ചെയ്യപ്പെട്ട സാഹചര്യത്തില്‍ കൂടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാജ്യത്ത് അഞ്ഞൂറോളം പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും പത്ത് പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 12 ന് തന്നെ രാഹുല്‍ ഗാന്ധി ഇത്തരമൊരു മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നെന്നും എന്നാല്‍ അവര്‍ അത് ഗൗരവമായി എടുത്തില്ലെന്നും കോണ്‍ഗ്രസ് നേതൃത്വവും പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more