| Friday, 20th October 2023, 10:39 pm

ഭക്തരുടെ പരാതി; ക്ഷേത്രങ്ങളിൽ ആർ.എസ്.എസിനെ വിലക്കിയ ഹൈക്കോടതി വിധി കർശനമായി നടപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ശാഖകൾക്ക് വിലക്കേർപ്പെടുത്തിയ ഹൈക്കോടതി വിധി കർശനമായി നടപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിൽ ആർ.എസ്.എസിന്റെ കൊടികൾ സ്ഥാപിക്കരുതെന്നും ദേവസ്വം ബോർഡ് പുറത്തുവിട്ട സർക്കുലറിൽ പറയുന്നു.

ആചാരമര്യാദക്ക് വിരുദ്ധമായി ക്ഷേത്രവളപ്പിൽ സംഘം ചേരുന്നതും നാമജപഘോഷവും നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാൽ കർശന നടപടികൾ നേരിടേണ്ടി വരുമെന്നും സർക്കുലറിൽ പറയുന്നു.

ആർ.എസ്.എസും തീവ്രാശയങ്ങൾ പ്രചരിപ്പിക്കുന്ന ചില പ്രാദേശിക കൂട്ടായ്മകളും ക്ഷേത്ര മര്യാദകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ഭക്തരിൽ നിന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് പുതിയ സർക്കുലർ. ഇത്തരം സംഘടനകൾ രാത്രിയുടെ മറവിൽ ആയുധ പരിശീലനം നടത്തുന്നതായും പരാതിയുണ്ടെന്ന് സർക്കുലറിൽ പറയുന്നുണ്ട്.

ക്ഷേത്രകാര്യങ്ങളുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങൾ, ഫ്ലക്സുകൾ, കൊടി തോരണങ്ങൾ, രാഷ്ട്രീയ സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അടിയന്തരമായി നീക്കം ചെയ്യണമെന്നും സർക്കുലറിൽ അനുശാസിക്കുന്നു.

രാത്രികാലങ്ങളിൽ ദേവസ്വം വിജിലൻസ് വിഭാഗം പരിശോധന നടത്തണമെന്നും സർക്കുലറിൽ നിർദേശമുണ്ട്. ക്ഷേത്ര ഉപദേശക സമിതികളല്ലാതെ മറ്റു സമിതികൾക്കൊന്നും ക്ഷേത്രത്തിൽ പ്രവർത്തിക്കാൻ അനുമതി ഇല്ലെന്നും ഉത്സവ സമയങ്ങളിൽ ദേവസ്വവുമായി ബന്ധമില്ലാത്തവരുടെ പേരുകളും ഫോട്ടോകളും അച്ചടിച്ച് നോട്ടീസുകൾ വിതരണം ചെയ്യാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു.

ഈ ഉത്തരവുകൾ ലംഘിച്ചാൽ ഹൈക്കോടതി ഉത്തരവിന്റെ ലംഘനമായി കണ്ട് കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

Content Highlight: Thiruvithamkoor Devaswom board circular to strictly implement high court ban on RSS in temple premises

We use cookies to give you the best possible experience. Learn more