| Monday, 4th June 2018, 11:56 am

പിന്നാക്ക വിഭാഗക്കാര്‍ പടിക്ക് പുറത്ത്; നിയമന ലിസ്റ്റില്‍ നമ്പൂതിരിയും നായന്‍മാരും മാത്രം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം വിവാദത്തില്‍

ആര്യ. പി

അടൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭരണതലപ്പത്ത് നിന്ന് പിന്നാക്കവിഭാഗക്കാരെ പൂര്‍ണമായും ഒഴിവാക്കിയതായി ആക്ഷേപം.

ക്ഷേത്ര ഭരണച്ചുമതലയുള്ള 26 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരെ നിയമിച്ചതില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഒരാള്‍ പോലുമില്ല.

നിലവിലെ 26 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരെ മാറ്റിയാണ് ബോര്‍ഡ് പുതിയ ലിസ്റ്റിന് രൂപം നല്‍കിയത്. ബോര്‍ഡില്‍ അഡ്മിനിസ്‌ട്രേറ്റീവ് റാങ്കിലുള്ള ഈഴവ സമുദായക്കാരായ 9 പേരും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയില്‍ അപേക്ഷകരായി ഉണ്ടായിരുന്നു.

ദേവസ്വം കമ്മിഷണറാണ് മാനദണ്ഡമനുസരിച്ച് പുതിയ നിയമനത്തിനുള്ള ലിസ്റ്റ് തയ്യാറാക്കി ബോര്‍ഡിന് സമര്‍പ്പിക്കേണ്ടത്. ഇതനുസരിച്ച് കമ്മിഷണര്‍ എന്‍. വാസു സമര്‍പ്പിച്ച 26 പേരുടെ ലിസ്റ്റില്‍ ഈഴവ സമുദായത്തില്‍പ്പെട്ട രണ്ട് പേരും ഉള്‍പ്പെട്ടിരുന്നു.

എന്നാല്‍ ബോര്‍ഡ് അംഗീകരിച്ച് കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ 26 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരുടെ നിയമന ലിസ്റ്റിലെ എല്ലാവരും മുന്നാക്കക്കാരായിരുന്നു. നായര്‍ സമുദായത്തിലെ 23 പേരും ബ്രാഹ്മണ സമുദായത്തിലെ 3 പേരുമാണ് ഉണ്ടായിരുന്നത്. ഒരാളെ പോലും പിന്നാക്കവിഭാഗത്തില്‍ നിന്നും ഉള്‍പ്പെടുത്തിയില്ല.

ദേവസ്വം ബോര്‍ഡിലെ സി.പി.ഐ.എം പ്രതിനിധികളായ പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം കെ. രാഘവന്‍, സി.പി.ഐ പ്രതിനിധി കെ.പി. ശങ്കരദാസ്, സെക്രട്ടറി ജയശ്രീ എന്നിവര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ നിയമനത്തില്‍ പിന്നാക്കക്കാര്‍ക്ക് പാടെ അയിത്തം കല്പിക്കുന്നത്.

രണ്ടോ മൂന്നോ ആളുകളെയെങ്കിലും പിന്നാക്കവിഭാഗക്കാരായി ഉള്‍പ്പെടുത്തിയിരുന്നിടത്ത് ഒരാള്‍ പോലും ഇല്ലാത്തത് പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്.


Dont Miss രജനീകാന്തിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായം; എന്റെ ചിന്ത വ്യത്യസ്തമാണ് ; തൂത്തുക്കുടി ജനത സാമൂഹ്യവിരുദ്ധരാണെങ്കില്‍ താനും അങ്ങനെയെന്നും കമല്‍ഹാസന്‍


സമുദായ പ്രാതിനിധ്യത്തിന് പുറമെ, മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് പുതിയ നിയമനമെന്നും ആക്ഷേപമുണ്ട്. പെന്‍ഷനാകാന്‍ രണ്ടും മൂന്നും മാസം മാത്രം ശേഷിച്ചവരും, വിജിലന്‍സ് അന്വേഷണം നേരിടുന്നവരും, വിവിധ കേസുകളില്‍പ്പെട്ട് നടപടിക്ക് വിധേയരായവരും, പ്രധാന പോസ്റ്റുകളില്‍ നിയമനം നല്‍കരുതെന്ന് വിജിലന്‍സ് വിഭാഗം ശുപാര്‍ശ ചെയ്തവരുമൊക്കെ പുതിയ നിയമന ലിസ്റ്റിലുണ്ടെന്നാണ് ഉയരുന്ന ആരോപണം.

2017 – 18 ല്‍ പമ്പ, വര്‍ക്കല, വൈക്കം ക്ഷേത്രങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ പിന്നാക്കക്കാരായിരുന്നു. അതിന് മുമ്പ് ചില ഘട്ടങ്ങളില്‍ പിന്നാക്കക്കാരായ അഞ്ച് മുതല്‍ എട്ട് വരെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ ക്ഷേത്ര ഭരണം നിര്‍വഹിച്ചിട്ടുണ്ട്.

1250 ലേറെ ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. ഇത്രയും ക്ഷേത്രങ്ങളുടെ ഭരണ നിര്‍വഹണത്തിന് ആകെ 26 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ മാത്രമാണ് ഉള്ളത്. ദേവസ്വം ബോര്‍ഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ നിയമനങ്ങളില്‍ അവസാനവാക്ക് ബോര്‍ഡിന്റേതാണ്.

എന്നാല്‍ പിന്നാക്കക്കാര്‍ക്ക് നിയമനം നിഷേധിച്ചതിനെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി അടക്കമുള്ളവര്‍ രംഗത്തെത്തിയെങ്കിലും ഈ തസ്തികയില്‍ നിയമിക്കാന്‍ അര്‍ഹരായ പിന്നാക്കക്കാര്‍ ഇല്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ മറുപടി.

എന്നാല്‍ അര്‍ഹരായ പിന്നാക്ക വിഭാഗക്കാരുടെ പട്ടിക പുറത്തുവന്നതോടെ ദേവസ്വം ബോര്‍ഡ് പ്രതിരോധത്തിലായി. ഇതോടെ വിഷയത്തില്‍ മുഖ്യമന്ത്രി പണറായി വിജയന്റെ നിര്‍ദേശപ്രകാരം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെടുകയും ലിസ്റ്റില്‍ മാറ്റം വരുത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ലിസ്റ്റില്‍ അഴിച്ചുപണി നടത്തി പുതിയ ലിസ്റ്റ് ഇറക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ്.

പുതിയ ലിസ്റ്റ് പ്രകാരം നിയമനം ലഭിച്ചത് മൂന്ന് പേര്‍ക്ക്

തിരുവനന്തപുരം ദേവസ്വം ബോര്‍ഡ് ഓഫീസിലെ ഫിനാന്‍സ് വിഭാഗത്തിലെ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ എസ്. ഷീലയെ കൊല്ലം ഗ്രൂപ്പിലെ തിരുമുല്ലാവാരം ദേവസ്വത്തിലും, ബോര്‍ഡ് ഓഫീസിലെ ഹൈക്കോര്‍ട്ട് ഓഡിറ്റ് വിഭാഗത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ആര്‍. റജിലാലിനെ തിരുവനന്തപുരം ഉള്ളൂര്‍ ഗ്രൂപ്പിലെ ഒ. ടി.സി ഹനുമാന്‍ ദേവസ്വത്തിലും, തിരുവനന്തപുരം ഗ്രൂപ്പിലെ അസി. ദേവസ്വം കമ്മിഷണര്‍ ജി. ജെസിയെ വര്‍ക്കല ഗ്രൂപ്പിലെ ശാര്‍ക്കര ദേവസ്വത്തിലും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായി നിയമിച്ചു.

ഷീലയുടെ പേര് ദേവസ്വം കമ്മിഷണര്‍ എന്‍. വാസു നേരത്തെ തയ്യാറാക്കി നല്‍കിയിരുന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ബോര്‍ഡ് അവസാനഘട്ടത്തില്‍ തഴയുകയായിരുന്നു.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more