തിരുവനന്തപുരം : ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംസ്‌കാരിക പുരാവസ്തു വകുപ്പ് പുറത്തിറക്കിയ പോസ്റ്റര്‍ വിവാദമാകുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തെ പ്രകീര്‍ത്തിക്കുകയും ഗൗരി പാര്‍വതി തമ്പുരാട്ടിയെയും ഗൗരി ലക്ഷ്മി തമ്പുരാട്ടിയെയും ഹിസ് ഹൈനസ് എന്നുമാണ് പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ ക്ഷേത്ര പ്രേവേശന വിളംബരം സ്ഥാപിതമായ ഗ്രന്ഥശാല സനാതന ധര്‍മം ഹിന്ദുക്കളെ ഉത്‌ബോധിപ്പിക്കുക എന്ന രാജകല്പനയുടെ സ്മാരകമാണെന്നും പോസ്റ്ററില്‍ പറയുന്നു. ജനക്ഷേമകരങ്ങളായ അനേകം പ്രവര്‍ത്തനങ്ങള്‍കൊണ്ടും ലളിതമധുരമായ സ്വഭാവവൈശിഷ്ട്യംകൊണ്ടും മഹാജനങ്ങളുടെ സ്നേഹബഹുമാനാദികള്‍ക്ക് പാത്രീഭവിച്ച തിരുവിതാംകൂര്‍ രാജ്ഞിമാരായ എച്ച്.എച്ച്. പൂയം തിരുനാള്‍ ഗൗരീപാര്‍വ്വതീഭായി തമ്പുരാട്ടിയുംഎച്ച്.എച്ച്. അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായി തമ്പുരാട്ടിയും ഈ മഹനീയ സംരംഭത്തിന് ഭദ്രദീപം തെളിയിച്ച് മഹാരാജാവിന്റെ പ്രതിമയ്ക്കുമുമ്പില്‍ പുഷ്പാര്‍ച്ചന നടത്തുമെന്നാണ് നോട്ടീസില്‍ പറയുന്നത്.
സര്‍ക്കാര്‍ നടത്തുന്ന ഒരു പരിപാടിയ്ക്ക് ഇത്തരമൊരു പോസ്റ്റര്‍ തയ്യാറാക്കപ്പെട്ടതിന് വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
അഭിനവ തമ്പുരാട്ടിമാരിലൂടെ നാടുവാഴിത്ത മേധാവിത്വ സംസ്‌കാരം തിരികെ കൊണ്ട് വരാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതെന്നും എന്നാല്‍ തിരുവിതാംകൂറിലെ ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ പൊരുതി നേടിയതാണ് ക്ഷേത്ര പ്രവേശന വിളംബരമെന്നും എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറിയുമായ അശോകന്‍ ചെരുവില്‍ പറഞ്ഞു.
‘തിരുവതാംകൂറിലെ ദളിത് പിന്നാക്ക ജനവിഭാഗങ്ങള്‍ പൊരുതി നേടിയതാണ് ക്ഷേത്രപ്രവേശം. അതു തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ക്ഷേത്രപ്രവേശന വിളംബരപുരസ്‌കാരങ്ങള്‍ ദളിത് സമൂഹത്തിലെ പ്രതിഭകള്‍ക്ക് നല്‍കിവരുന്നുത്.
ഡോ.പല്‍പ്പു ഉള്‍പ്പടെ നിരവധി മഹാപ്രതിഭകളുടെ കണ്ണീരുവീണ സ്ഥലമാണ് തിരുവതാംകൂര്‍ കൊട്ടാരം. ആലപ്പുഴയിലെ ഗ്രാമങ്ങളില്‍ വീണ ചോര ഇനിയും ഉണങ്ങിയിട്ടില്ല. രണ്ട് അഭിനവ ‘തമ്പുരാട്ടി’മാരിലൂടെ ആ നാടുവാഴിത്ത മേധാവിത്തത്തേയും സംസ്‌കാരത്തേയും എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം അപലനീയമാണ്,’അശോകന്‍ ചെരുവില്‍ പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘപരിവാര്‍ സ്ഥാപനമായി മാറ്റിയെന്നും ക്ഷേത്ര പ്രവേശനം ചോദിച്ച ദളിതരെ കൊന്ന് തള്ളിയ ദളവാ കുളത്തില്‍ പള്ളി നീരാട്ട് കൂടി നടത്തണം തമ്പ്രാക്കളേ എന്നുമാണ് ശ്രീജിത്ത് ദിവാകരന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ധന്യാത്മന്‍,
പുണ്യശ്ലോകനായ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് തുല്യം ചാര്‍ത്തിയ ക്ഷേത്രപ്രവേശന വിളംബരദിവസം സ്ഥാപിതമായ ശ്രീചിത്രാ കേന്ദ്ര ഹിന്ദുമത ഗ്രന്ഥശാല ‘സനാതന ധര്‍മ്മം ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുക’ എന്ന ഉദ്ദേശ്യത്തോടുകൂടി സ്മൃതിസന്നിഭമായ ആ രാജകല്പനയുടെ സ്മാരകമായി നിലകൊള്ളുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ50-ാം വാര്‍ഷികം ആഘോഷിച്ച വേളയില്‍ നിര്‍മ്മിച്ചിട്ടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്ഷേത്രപ്രവേശന വിളംബര സ്മാരക ത്തിന്റെ നവീകരണ സമര്‍പ്പണവും 87-ാം ക്ഷേത്രപ്രവേശനവിളംബരദിന സ്മരണപുതുക്ക ലും ക്ഷേത്രപ്രവേശനവിളംബരദിനമായ 27-3-1199 (2023 നവംബര്‍ 13) തീയതി തിങ്കളാഴ്ച രാവിലെ 9.30-ന് ബഹു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്യുന്നു.
തദവസരത്തില്‍ ജനക്ഷേ മകരങ്ങളായ അനേകം പ്രവര്‍ത്തനങ്ങള്‍കൊണ്ടും ലളിതമധുരമായ സ്വഭാവവൈശിഷ്ട്യംകൊണ്ടും മഹാജനങ്ങളുടെ സ്നേഹബഹുമാനാദികള്‍ക്ക് പാത്രീഭവിച്ച തിരുവിതാംകൂര്‍ രാജ്ഞിമാരായ ഒ.ഒ. പൂയം തിരുനാള്‍ ഗൗരീപാര്‍വ്വതീഭായി തമ്പുരാട്ടിയും ഒ.ഒ. അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായി തമ്പുരാട്ടിയും ഈ മഹനീയ സംരംഭത്തിന് ഭദ്രദീപം തെളിയിച്ച് മഹാരാജാവിന്റെ പ്രതിമയ്ക്കുമുമ്പില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. പ്രസ്തുത മഹനീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുന്നതിലേയ്ക്കായി എല്ലാ ഭക്തജന ങ്ങളേയും ദേവസ്വം ഉദ്യോഗസ്ഥന്മാരേയും സുവിനീതം സ്വാഗതം ചെയ്തുകൊള്ളുന്നു.
content highlight : Thiruvithamkoor devasam poster contriversy