കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനക്കേസില്‍ സി.പി.ഐ.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സി.പി.ഐ.എമ്മിന്റേത് ഉന്മൂലന സിദ്ധാന്തമാണെന്നും കേസിലെ അന്വേഷണം ഉടന്‍ എന്‍.ഐ.എയ്ക്ക് കൈമാറണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. കോട്ടയത്ത് നടന്ന ജില്ലാ യു.ഡി.എഫ് യോഗത്തിലായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
അന്വേഷണം വൈകിപ്പിച്ച് കേസ് അട്ടിമറിക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പാനൂരില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സി.പി.ഐ.എം കാലങ്ങളായി തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
ബോംബ് ആര്, ആര്‍ക്ക്, എന്തിന് വേണ്ടി ഉണ്ടാക്കിയെന്ന് കൃത്യമായി അന്വേഷിക്കണമെന്നും മുന്‍ ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നും സംഭവത്തില്‍ പക്ഷപാതമില്ലാതെ അന്വേഷണം നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം നേതാവ് സജി മഞ്ഞക്കടമ്പിലിന്റെ രാജി തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കാതെ പരിഹരിക്കണമെന്ന് തിരുവഞ്ചൂരിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാ യു.ഡി.എഫ് യോഗം തീരുമാനിച്ചു. സജിയ്ക്ക് വേണ്ടി പാര്‍ട്ടി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും ആരെയും പിണക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ജോസഫ് പക്ഷം നേതാക്കളും വ്യക്തമാക്കി.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ സഹകരിപ്പിക്കുന്നില്ലെന്ന് ആരോപിച്ചാണ് ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സജി രാജി വെച്ചത്. കേരള കോണ്‍ഗ്രസിലെ മോന്‍സ് ജോസഫിന്റെ ഏകാധിപത്യം കാരണമാണ് താന്‍ രാജി വെക്കുന്നതെന്ന് സജി മഞ്ഞക്കടമ്പില്‍ പ്രതികരിച്ചിരുന്നു.
ജില്ലാ പ്രസിഡന്റ് സ്ഥാനം വളരെ നല്ല രീതിക്ക് കൈകാര്യം ചെയ്തിട്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് തന്നെ മനഃപൂര്‍വം മാറ്റിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Content Highlight: Thiruvanjoor Radhakrishnan wants to hand over the Panur case to the NIA