| Tuesday, 22nd March 2022, 5:51 pm

ഒരു മന്ത്രി തന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് തനിക്ക് നേരിട്ട് അറിയാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

മന്ത്രിക്ക് താല്‍പര്യമുള്ള ആളുകള്‍ക്ക് ബാധിക്കാതിരിക്കാനാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതെന്നും കേരളത്തിലുടനീളം അങ്ങനെ നടന്നിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

‘നിയമ വിരുദ്ധമായ പ്രവര്‍ത്തനം നടത്തുന്നത് സര്‍ക്കാരാണ്. അതിനെതിരെയാണ് ജനങ്ങള്‍ സംഘടിച്ചത്. ജനങ്ങളെ പൊലീസിനെ കൊണ്ട് അടിച്ചമര്‍ത്താനുള്ള പണിയാണ് നടത്തുന്നത്. ഒരു മന്ത്രിയുടെ ചിലയാളുകള്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയല്ലോ. അത് എനിക്ക് നേരിട്ട് അറിയാം.

കേരള മന്ത്രിസഭയിലെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയില്‍, സ്വന്തം ആളുകളുടെ സ്ഥലത്ത് നിന്നും മാറ്റികൊടുത്തിട്ടുണ്ടല്ലോ. ഇല്ലെങ്കില്‍ പറയട്ടെ, അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കെ റെയില്‍ ഉദ്യോഗസ്ഥര്‍ പറയട്ടെ.

അത് കേരളത്തില്‍ ഉടനീളം നടന്നിട്ടുണ്ട്, താല്‍പര്യമുള്ള ആളുകള്‍ക്ക് അലൈന്‍മെന്റില്‍ മാറ്റിയും മറിച്ചും മറ്റുള്ളവരുടെ തലയിലേക്ക് വെച്ചുകൊടുത്തിട്ടുണ്ട്, അതാണ്.

റവന്യൂ നിയമങ്ങള്‍ ജനങ്ങള്‍ക്ക് അറിയില്ലായെന്നത് സര്‍ക്കാര്‍ മുതലെടുക്കുകയാണ്. അത് ശരിയല്ല, സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ കല്ലിടണമെങ്കില്‍ അതിന്റെ ഉത്തരവ് വേണം. റവന്യൂ വിഭാഗത്തിലെ ആളുകളാണ് ഇതിന് ഉത്തരം പറയേണ്ടത്.

ഒരു രേഖയും ഇല്ലാതെ കണ്ടിടത്തെല്ലാം കല്ലിടുകയാണ്. അതിരടയാള കല്ലുമായി ജനങ്ങളെ ഉപദ്രവിക്കാന്‍ ശവപ്പെട്ടി എടുത്ത് പോകുന്നത് പോലെ എല്ലായിടത്തും ഇതും എടുത്ത് വട്ടം കറങ്ങുകയാണ്,’ തിരുവഞ്ചൂര്‍ പരിഹസിച്ചു.

കെ റെയിലിനെതിരെ നടക്കുന്നത് അടികിട്ടേണ്ട സമരമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ നടന്നത് അടികിട്ടേണ്ട സമരമാണ്. എന്നാല്‍ പൊലീസ് സംയമനം പാലിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ സര്‍വേകല്ല് എടുത്തുകൊണ്ടുപോയി എന്നതുകൊണ്ട് കല്ലിന് ക്ഷാമമുണ്ടാകില്ല.

കേരളത്തില്‍ കല്ല് തീര്‍ന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്നെങ്കിലും കല്ലിടും. ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധമല്ല സര്‍ക്കാരിന്റെ ലക്ഷ്യം. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും. ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരം പൂര്‍ണമായി നല്‍കിയതിന് ശേഷമായിരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.


Content Highlights: Thiruvanchoor Radhakrishnan says a minister changed the alignment of k rail in his place

We use cookies to give you the best possible experience. Learn more