തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കാന്‍ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ ആഗ്രഹിച്ചുവെന്ന ദല്ലാള്‍ നന്ദകുമാറിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
നന്ദകുമാറിന് മറുപടി നല്‍കേണ്ടതില്ലെന്നും തങ്ങളാരാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കിടയില്‍ നിസാര കാര്യങ്ങള്‍ക്ക് തലവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ പറഞ്ഞു.
‘അത് മുഖ്യമന്ത്രിയും ദല്ലാളും തമ്മിലുള്ള സംഭാഷണമാണ്. ഞങ്ങള്‍ അതില്‍ തേര്‍ഡ് പാര്‍ട്ടിയാണ്. ഞങ്ങള്‍ അതില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. അതവര്‍ തമ്മില്‍ പറഞ്ഞ് തീരട്ടെ. അത് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ദല്ലാള്‍ പിന്നീട് പുറത്ത് പറഞ്ഞു.
അതുകൊണ്ട് അവര്‍ തമ്മിലത് പറഞ്ഞുതീരുക എന്നല്ലാതെ ഒരു മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഞങ്ങള്‍ അതിനെക്കുറിച്ച് എന്ത് പറയാനാണ്. രണ്ട് കൂട്ടര്‍ക്കും പറയാനുള്ളത് പറഞ്ഞ് തീര്‍ക്കട്ടെ. ഞങ്ങളത് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്,’ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയാകണമെന്ന് താന്‍ ആഗ്രഹിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ലെന്നും ചെന്നിത്തലയും അങ്ങനെ ചിന്തിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. നന്ദകുമാറിന്റെ പരാമര്‍ശം മാധ്യമ പ്രവര്‍ത്തകര്‍ എടുത്ത് ചോദിച്ചപ്പോഴായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.
‘പണ്ട് നിങ്ങളെന്നെ ഗ്രില്‍ ചെയ്ത ഒരു സമയമുണ്ട്. അപ്പോള്‍ ഈ ചോദ്യം ചോദിച്ചപ്പോഴും ഞാന്‍ ഇതുതന്നെ പറഞ്ഞു. ഞാന്‍ തിരുവഞ്ചൂരിലെ പഴയ വീട്ടിലെ പശ്ചാത്തലത്തില്‍ വന്നയാളാണ്. ഞാനങ്ങനെ അതിമോഹങ്ങളും ആഗ്രഹങ്ങളും വെച്ച് രാഷ്ടീയത്തില്‍ പോകുന്നയാളല്ല.
പിന്നെ വന്നുപെട്ടു എന്നുള്ളത് സത്യമാണ്. അത് സത്യസന്ധമായി നമ്മള്‍ പ്രവര്‍ത്തിച്ചതിന്റെ അംഗീകാരമായി വന്നതാണ്. അതിനപ്പുറത്തേക്ക് പോകാന്‍ നമ്മള്‍ ആഗ്രഹിച്ചിട്ടും ഇല്ല അങ്ങനെയൊരു തറവേദം നടത്തിയിട്ടുമില്ല,’ തിരുവഞ്ചൂര്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കാന്‍ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്ക് ആഗ്രഹമുണ്ടായിരുന്നെന്നും അവരുടെ ആളുകള്‍ തന്നെ സമീപിച്ചിരുന്നുവെന്നുമാണ് നന്ദകുമാര്‍ പറഞ്ഞത്. അവര്‍ കത്ത് വി.എസ് അച്ചുതാനന്ദനെ ഏല്‍പ്പിക്കണമെന്ന കാര്യം പറഞ്ഞു. സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്ത് സംഘടിപ്പിക്കാന്‍ വി.എസും പറഞ്ഞു.
അതിന് ശേഷമാണ് ശരണ്യ മനോജിനെ കണ്ടതെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു. സോളാര്‍ കേസിലെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു നന്ദകുമാര്‍. എന്നാല്‍ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് തിരുവഞ്ചൂര്‍.
Content Highlights: Thiruvanchoor Radhakrishnan replying to TG Nandakumar