ഇതുവരെ 9,812 പേരാണ് പാസിനായി അപേക്ഷിച്ചത്. 149 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. നിലവില്‍ എല്ലാ തിയേറ്ററുകളിലുമായി 3783 സീറ്റുകളാണ് ഉള്ളത്. 1400 സീറ്റുകള്‍ കൂടി ലഭിക്കത്തക്ക രീതിയില്‍ തിയേറ്ററുകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് ഇത്തവണയും പ്രവേശന പാസില്‍ കണ്‍സെക്ഷന്‍ തുടരും. ഇതു സംബന്ധിച്ചുണ്ടായ അവ്യക്തതയുടെ ഭാഗമായി മുഴുവന്‍ തുകയും അടച്ച വിദ്യാര്‍ഥികള്‍ക്ക് കണ്‍സെക്ഷന്‍ കഴിഞ്ഞുള്ള ബാക്കിതുക തിരിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ് അറിയാവുന്നവര്‍ മാത്രം ചലച്ചിത്രമേളയില്‍ പങ്കെടുത്താല്‍ മതിയെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ പരാാമര്‍ശം ഖേദകരമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഈ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത് ശരിയായില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
അതിനിടെ, മലയാളം മാത്രം അറിയാവുന്നവര്‍ ചലച്ചിത്രമേളയിലേക്ക് വരേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇത്തരത്തില്‍ വാര്‍ത്ത സൃഷ്ടിച്ചത് മാധ്യമങ്ങളുടെ കൈമിടുക്കാണ്. ആദ്യമായി സിനിമ കാണുന്നവര്‍ക്കുള്ളതല്ല മേള, മറിച്ച് സിനിമയെ ഗൗരവമായി കാണുന്നവര്‍ക്കുള്ളതാണെന്നും അടൂര്‍ അഭിപ്രായപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും തന്നെ ഒരുപോലെ ആക്രമിക്കുന്നുണ്ട്. തന്നെ അപമാനിച്ചതില്‍ ദു:ഖമില്ല. ഈ സംഘടനകള്‍ മലയാളത്തെ സ്‌നേഹിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അടൂര്‍ വ്യക്തമാക്കി.
ചലച്ചിത്രമേളയെ പൊളിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മേളയുടെ പേരിലുള്ള ധൂര്‍ത്ത് അനുവദിക്കില്ലെന്നും അടൂര്‍ പറഞ്ഞു.