കോട്ടയം: ആരോഗ്യമന്ത്രി വീണ ജോർജിന് അഭിനന്ദനവുമായി കോൺഗ്രസ് എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ. തന്റെ മണ്ഡലത്തിലെ ആശുപത്രി വികസനം ചർച്ച ചെയ്യാൻ ഒരു ആരോഗ്യമന്ത്രി നേരിട്ട് എത്തുന്നത് ആദ്യമാണെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി കോട്ടയം കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലാണ് തിരുവഞ്ചൂർ മന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ ഇക്കാര്യം അറിയിച്ചത്.
എം.എൽ.എ എന്ന നിലയിൽ പൂർണ പിന്തുണ നൽകുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
‘ഇത് വളരെ നല്ല കാര്യമാണ്. അക്കാര്യത്തിൽ മന്ത്രിയെ അഭിനന്ദിക്കുന്നു. ആശുപത്രി വികസനത്തിന് ഇതേറെ സഹായിക്കും,’ തിരുവഞ്ചൂർ പറഞ്ഞു.
തിരുവഞ്ചൂരിന്റെ മണ്ഡലമായ കോട്ടയത്തെ ജനറൽ ആശുപത്രിയിൽ മന്ത്രിയോടൊപ്പം തിരുവഞ്ചൂർ നേരിട്ട് സന്ദർശിക്കുകയും ചെയ്തു.
ചീഫ് വിപ്പ് പ്രൊഫ. ജയരാജ്, എം.എൽ.എമാരായ മോൻസ് ജോസഫ്, സി.കെ. ആശ, ജോബ് മൈക്കിൾ തുടങ്ങിയവരും മന്ത്രിയെ അഭിനന്ദിച്ചു. പ്രായോഗിക പ്രശ്‌നങ്ങൾ നേരിൽ കണ്ട് പരിഹരിക്കാൻ എത്തുന്ന മന്ത്രിയുടെ ഇടപെടൽ മികച്ചതാണെന്നും അവർ അഭിനന്ദിച്ചു.
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ വൈദ്യുതി പ്രശ്നത്തിന് മന്ത്രി ഇടപെട്ട് പരിഹാരം കണ്ടു. കഴിഞ്ഞ ദിവസം കുറവിലങ്ങാട് ആശുപത്രിയിലെത്തിയപ്പോൾ പ്രായമുള്ള ആളുകൾ മന്ത്രിയോട് വൈദ്യുതി കൂടെക്കൂടെ പോകുന്നു എന്ന് പറഞ്ഞിരുന്നു. അവിടെയുണ്ടായിരുന്ന ജനറേറ്ററും ഇൻവർട്ടറും കേടായിരുന്നതിനാൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടായിരുന്നു.
വിഷയത്തിൽ മന്ത്രി ഇടപെടുകയും അടിയന്തരമായി ജനറേറ്റർ ശരിയാക്കാൻ സൂപ്രണ്ടിനോട് നിർദേശം നൽകുകയും ചെയ്തു. ഇക്കാര്യം ജില്ലാ കളക്ടറോടും അവലോകന യോഗത്തിൽ പറഞ്ഞു. പഴയ കെട്ടിടത്തിലെ വയറിംഗ് പ്രശ്‌നം ആണെങ്കിൽ വിദഗ്ധ പരിശോധന നടത്തി പരിഹാരം കണ്ടെത്താനും നിർദ്ദേശം നൽകി. മൂലമറ്റത്തെ അറ്റകുറ്റപണി കാരണം പ്രശ്നത്തിലായ മുഴുവൻ വൈദ്യുതി വിതരണവും പരിഹരിച്ചു.
ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ ആറും എറണാകുളം ജില്ലയിലെ മൂന്നും ആശുപത്രികളിലാണ് (ആകെ 9) ആദ്യ ദിവസം മന്ത്രി സന്ദർശിച്ചത്. ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരുമായും ജനങ്ങളുമായും ആശയവിനിമയം നടത്തി. ആശുപത്രികളുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു. നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ചു. വാർഡുകൾ സന്ദർശിക്കുമ്പോൾ ടോയ്ലറ്റുകളിലെ ശുചിത്വവും വിലയിരുത്തി.
ഇന്നലെയെടുത്ത പ്രധാന തീരുമാനങ്ങൾ ഇവയാണ്.
· കോട്ടയം ജനറൽ ആശുപത്രിയിൽ ഡയാലിസിസ് ഒരു ഷിഫ്റ്റ് കൂടി. 3 ഷിഫ്റ്റുകൾ ആരംഭിക്കണം.
· പാലാ ആശുപത്രിയിലും ഡയാലിസിസ് മൂന്നാമത്തെ ഷിഫ്റ്റ് തുടങ്ങണം.
· കാഞ്ഞിരപ്പള്ളിയിൽ ഡയാലിസിസ് ഇല്ല. ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ച് സമയബന്ധിതമായി സാധ്യമാക്കണം.
· കാഞ്ഞിരപ്പള്ളിയിൽ ഫാർമസി, ഒ.പി ഭാഗങ്ങളിലുള്ള തിരക്ക് കുറയ്ക്കുവാൻ ഇ ഹെൽത്ത് വരും വരെ താത്കാലിക ടോക്കൺ സംവിധാനം, ആവശ്യമായ ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കും
· ജീവതശൈലി രോഗ ക്ലിനിക്കുകൾ പ്രത്യേക ദിവസങ്ങളിൽ നടത്തുമ്പോൾ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കുവാൻ എല്ലാ ദിവസവും ക്ലിനിക്കുകൾ പ്രവർത്തിപ്പിക്കും
· എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും ഇ ഹെൽത്ത് തുടങ്ങും.
· കാഞ്ഞിരപ്പള്ളിയിൽ കാരുണ്യ ഫാർമസി ഡിസംബറോടെ പ്രവർത്തനം തുടങ്ങണം.
· ചങ്ങനാശേരി ആശുപത്രിയിലും ഡയാലിസിസ് ആരംഭിക്കും
· വൈക്കം, പാമ്പാടി തുടങ്ങിയയിടങ്ങളിലെ നിർമ്മാണ പ്രവർത്തനം മാർച്ച് 2023 ഓടു കൂടി പൂർത്തീകരിക്കണം.
· ആശുപത്രികളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കും. അനർട്ടിന്റെ സഹായത്തോടെ പദ്ധതി തയ്യാറാക്കാൻ നിർദേശം നൽകി.
Content Highlight: Thiruvanchoor Radhakrishnan MLA congratulated Health Minister for her visit in his constituency’s hospital