ഏറ്റവും പ്രബലനായ സ്ഥാനാര്‍ത്ഥി തന്നെയാവും പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടാവുകയെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫ് പൂര്‍ണ്ണസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
കെ എം മാണിയുടെ മരണത്തിന് ശേഷം അവിടെ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് കൃത്യമായി ചെയ്തിട്ടുണ്ട്. അത് വലിയ ആള്‍ക്കൂട്ടമുണ്ടാക്കിയോ പബ്ലിസിറ്റി ഉണ്ടാക്കിയോ അല്ല. മറിച്ച്, ഒരു മുന്നണി എന്ന രീതിയില്‍ എല്ലാം ചിട്ടയായി മുന്നോട്ട് കൊണ്ട് പോകുകയായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് ഏത് നിമിഷവും വരുമെന്ന് തങ്ങള്‍ കരുതിയിരുന്നു. കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പും ലളിതമല്ല. പക്ഷേ, പാലായിലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എല്ലാം അനുകൂലമാകും. സംസാരിക്കേണ്ട വിഷയങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്ത ശേഷം ഒന്നിച്ച് മുന്നോട്ട് പോകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പാലായിലേതിനേക്കാള്‍ തര്‍ക്കമുള്ള സീറ്റുകളില്‍ പോലും എല്ലാം പരിഹരിച്ച് മുന്നോട്ട് പോകാന്‍ മുന്നണിക്ക് സാധിച്ചിട്ടുണ്ട്. തങ്ങളെ എതിര്‍ക്കേണ്ട മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ വീട് വീടാന്തരം ക്ഷമാപണം പറഞ്ഞ് നടക്കുകയാണ്. മര്യാദയ്ക്ക് പെരുമാറണമെന്ന് പാര്‍ട്ടിക്കാരെ പറഞ്ഞ് മനസിലാക്കുകയാണ്. അപ്പോള്‍ ആരുടെ ഒപ്പം നില്‍ക്കണമെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.