| Monday, 20th October 2014, 11:01 am

പി.ടി ഉഷ ഗുജറാത്തിലേക്ക് പോകുന്ന വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കോഴിക്കോട്: ഗുജറാത്തിലെ അത്‌ലറ്റുകളെ പരിശീലിപ്പിക്കുന്നതിനായി ഒളിമ്പ്യന്‍ പി.ടി ഉഷ ഗുജറാത്തിലേക്ക് പോകുന്ന വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇത് സംബന്ധിച്ച് പി.ടി ഉഷയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ കായികശേഷി വളര്‍ത്താനുള്ള ചുമതല ഏറ്റെടുക്കണമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യം പരിഗണിച്ചാണ് ഉഷ ഗുജറാത്തിലേക്ക് പോകുന്നത്. വിഷയത്തെക്കുറിച്ച് മാധ്യമങ്ങളില്‍ കണ്ട അറിവേ ഉള്ളുവെന്നും ഇക്കാര്യത്തില്‍ ഉഷയുമായി ചര്‍ച്ച നടത്തുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

ഉഷാ സ്‌കൂളിന് സര്‍ക്കാര്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ടെന്നും സ്‌കൂളിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി അറിയിച്ചു. സ്‌കൂളിനെതിരെ ചിലര്‍ സമരം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ അതില്‍ ഇടപെടുമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

ഉഷ സ്‌കൂളിന്റെ അശാസ്ത്രീയമായ നിര്‍മ്മാണം മൂലം പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നു എന്നാരോപിച്ച്  സി.പി.ഐഎമ്മാണ് സ്‌കൂളിനെതിരെ സമരം നടത്തുന്നത്. ഉഷ സ്‌കൂളിനായി സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത് എന്നാണ് പാര്‍ട്ടിയുടെ ആരോപണം.

അതേസമയം വെള്ളക്കെട്ടിന് കാരണം കെ.എസ്.ഐ.ഡി.സി അടുത്ത കാലത്ത് നിര്‍മ്മിച്ച റോഡാണെന്ന് ചൂണ്ടിക്കാട്ടി ഉഷ സ്‌കൂള്‍ രംഗത്തെത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more