ജോയ്‌സ് ജോര്‍ജ് എം.പി കൊലകൊല്ലിയെപ്പോലെയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
Daily News
ജോയ്‌സ് ജോര്‍ജ് എം.പി കൊലകൊല്ലിയെപ്പോലെയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th October 2014, 8:06 pm

thiruvanchoor[] ഇടുക്കി: ജോയ്‌സ് ജോര്‍ജ് എം.പി കൊലകൊല്ലിയെപ്പോലെയാണെന്ന് വനം-ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒരു ജനപ്രതിനിധിയെപ്പോലെയല്ല ജോയ്‌സ് ജോര്‍ജ് പെരുമാറിയതെന്നും സി.പി.ഐ.എം നേതാക്കള്‍ പോലും മാന്യമായാണ് തന്നോട് പെരുമാറിയതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഇടുക്കി മാമലക്കണ്ടത്ത് വനപാലകപര്‍ പൊളിച്ച കലുങ്ക് പരിശോധിക്കാനെത്തിയ മന്ത്രിയെ ജോയ്‌സ് ജോര്‍ജ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ വാഹനം തടഞ്ഞ നടപടി ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലെന്നും റോഡ് വരികയല്ല എം.പിയുടെ താല്പര്യമെന്നും അദ്ദേഹം പറഞ്ഞു.

ജോയ്‌സ് ജോര്‍ജ് എം.പിയുടേത് പുത്തനച്ചി പുരപ്പുറം തൂക്കുന്ന നിലവാരമാണ്. കൊട്ടക്കമ്പൂര്‍ ഭൂമി കയ്യേറ്റത്തില്‍ റവന്യൂ വകുപ്പ് നടപടി എടുത്തതിന്റെ വിരോധമാണ് എം.പി തീര്‍ക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

എം.പി സമരം ചെയ്യേണ്ടത് പാര്‍ലമെന്റിലാണെന്നും ഒരാള്‍ കാണിക്കുന്ന കൊള്ളരുതായ്മയ്ക്ക് ആദിവാസികളെ ശിക്ഷിക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ആദിവാസി മേഖലയിലേക്കുള്ള റോഡുകള്‍ക്ക് ഇളവു നല്കുമെന്നും ആദിവാസി വിഷയത്തില്‍ സര്‍ക്കാര്‍ ഒറ്റക്കെട്ടാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വഴിതടഞ്ഞ ജോയ്‌സ് ജോര്‍ജ് എം.പിയുടെ നടപടിയെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ അപലപിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിനു പകരം മന്ത്രിയെ തടഞ്ഞത് ജനപ്രതിനിധിക്ക് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇടുക്കി മാമലക്കണ്ടത്ത് മലയോര ഹൈവേയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കലുങ്കുകള്‍ പൊളിച്ചത് പരിശോധിക്കാനെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാഹനം ജോയ്‌സ് ജോര്‍ജ് എംപിയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് ജോയ്‌സ് ജോര്‍ജിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സ്ഥലത്ത് ഒരുമണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.