ആദിവാസികളെ ജാമ്യത്തടവുകാരാക്കി കാര്യം കാണാനുള്ള ജോയ്‌സിന്റെ ശ്രമം നടക്കില്ല. കൊട്ടക്കമ്പൂരിലെ ഭൂമി ഇടപാടില്‍ നടപടി എടുത്തതിനുള്ള വിരോധമാണ് ജോയ്‌സ് കാണിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഒരു ജനപ്രതിനിധിയുടെ മാന്യത പുലര്‍ത്താത്ത ജോയ്‌സ് ജോര്‍ജ് ഭീഷണിയിലൂടെ പലതും നേടാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വനം വകുപ്പിനെ ഉന്നം വെച്ചുള്ള ജോയ്‌സിന്റെ ശ്രമങ്ങള്‍ നടക്കില്ലെന്നും വനഭൂമി തട്ടിയെടുക്കുന്നിടത്ത് നിയമത്തിന്റെ ബുള്‍ഡോസറുയരും എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജോയ്‌സ് ജോര്‍ജ് എം.പി കൊലകൊല്ലിയെപ്പോലെയാണ് പെരുമാറിയതെന്ന് കഴിഞ്ഞ ദിവസം തിരുവഞ്ചൂര്‍ പ്രതികരിച്ചിരുന്നു. മന്ത്രിയെ തടഞ്ഞ സംഭവത്തില്‍ ജോയ്‌സ് ജോര്‍ജിനും കണ്ടാലറിയാവുന്ന ഇരുപത്തഞ്ച് പേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
ഇടുക്കി മാമലക്കണ്ടത്ത് മലയോര ഹൈവേയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കലുങ്കുകള്‍ പൊളിച്ചത് പരിശോധിക്കാനെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാഹനം ജോയ്‌സ് ജോര്‍ജ് എം.പിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകുന്നേരം തടഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് ജോയ്‌സ് ജോര്‍ജിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സ്ഥലത്ത് ഒരുമണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.