ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്റെ അവസാന മത്സരമായിരിക്കും, രാഷ്ട്രീയത്തില്‍ തുടരും: ശശി തരൂര്‍
തിരുവനന്തപുരം: നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്റെ അവസാനത്തെ മത്സരമായിരിക്കുമെന്ന് തിരുവനന്തപുരം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. രാഷ്ട്രീയ ജീവിതം തുടരുമെന്നും ശശി തരൂര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ‘നേതാവ് നിലപാട്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിലവിലെ എം.പി കൂടിയായ അദ്ദേഹം.
ബി.ജെ.പി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി, പിതാവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയോട് മര്യാദയും സ്‌നേഹവും കാണിക്കണമെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
അച്ഛന്റെ ദുഃഖം അനില്‍ മനസിലാക്കണമെന്നും അനില്‍ തീവ്ര ബി.ജെ.പി നയങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ദുഃഖമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. താന്‍ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനില്‍ ആന്റണിയെന്നും പത്തനംതിട്ടയിലെ തോല്‍വി അനിലിനെ പല പാഠങ്ങളും പഠിപ്പിക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
എ.കെ. ആന്റണി പഠിപ്പിക്കാന്‍ ശ്രമിച്ച കാര്യങ്ങള്‍ അനില്‍ മറന്നുപോയെന്നും അനില്‍ ഉപയോഗിച്ച ഭാഷ കോണ്‍ഗ്രസില്‍ ഉപയോഗിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹമില്ലെന്നും ശശി തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
നേരത്തെ കുടുംബം വേറെ, രാഷ്ട്രീയം വേറെയെന്നും പ്രമുഖരുടെ മക്കള്‍ മോദിക്കൊപ്പം ചേരുന്നത് തെറ്റാണെന്നും എ.കെ. ആന്റണി പറഞ്ഞിരുന്നു. താന്‍ പ്രചരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയില്‍ അനില്‍ ആന്റണി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ പ്രചരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി ജയിക്കുമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
Content Highlight: Thiruvananthapuram UDF candidate Shashi Tharoor says that the upcoming Lok Sabha elections will be his last contest