തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയെ വിഭജിച്ച് നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യം. നെയ്യാറ്റിന്‍കര ജില്ലാ രൂപീകരണ സമിതിയാണ് ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.
ആവശ്യമുന്നയിച്ച് ഭീമ ഹരജി മുഖ്യമന്ത്രിക്ക് മുമ്പാകെ സംഘടന സമര്‍പ്പിക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകള്‍ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിന്‍കര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം.
ഇതിന്റെ ഭാഗമായി ജനങ്ങളില്‍ നിന്ന് സ്വരൂപിച്ച അരലക്ഷം ഒപ്പുകള്‍ അടങ്ങിയ ഭീമ ഹരജി സമിതി ചെയര്‍മാന്‍ ജി. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിക്ക് കൈമാറി. സംസ്ഥാനത്ത് വയനാടിനെക്കാളും ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനമുള്ള ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണിത്.
അവിടെ മാറ്റമുണ്ടാകണമെങ്കില്‍ ജില്ലാ രൂപീകരണം കൊണ്ട് മാത്രമേ കാര്യമുള്ളൂ എന്നും ഹരജിക്കാര്‍ പറഞ്ഞു. പുതിയ ജില്ല വേണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ അനുകൂലമായാണ് പ്രതികരിച്ചതെന്നാണ് സംഘടന അവകാശപ്പെട്ടത്.
1984ല്‍ കാസര്‍ഗോഡ് ജില്ല രൂപീകരിച്ചതിന് ശേഷം പുതിയ ജില്ലകള്‍ രൂപീകരിക്കാത്തതില്‍ കേന്ദ്ര വിഹിതത്തിലും ഏകീകൃത വികസനത്തിലും സംസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് സംഘടന പറഞ്ഞു.
തമിഴ്‌നാടും, കര്‍ണാടകയും, ആന്ധ്രാപ്രദേശും തെലങ്കാനയും ജില്ലകളുടെ എണ്ണം വര്‍ധിപ്പിച്ച് വലിയ നേട്ടമുണ്ടാക്കിയതായും ഇവര്‍ പറഞ്ഞു.
Content Highlight: Thiruvananthapuram should be divided and a new district should be formed; The organization petitioned the Chief Minister