നെയ്യാറ്റിന്‍കര: സ്ഥലം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നടത്തിയ ആത്മഹത്യാശ്രമത്തിനിടയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. മകനും കുടുംബത്തിനും നീതി കിട്ടണമെന്ന് രാജന്റെ അമ്മ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.
‘ഞങ്ങള്‍ക്ക് നീതി കിട്ടണം. അവര് വന്നാണ് കത്തിച്ചത്. എന്റെ പിള്ളക്ക് നാല് സെന്റും വീടും കിട്ടണം. അവന്‍ സ്വയമേ കത്തിച്ചതല്ല. അവരാണ് കത്തിച്ചത്. കോരി വെച്ച ചോറ് തിന്നാന്‍ സമ്മതിക്കാതെ, കൊലക്കുറ്റം ചെയ്തവരായാലും, തിന്നാന്‍ സമ്മതിക്കാതെ പിടിച്ചിറക്കി കൊണ്ടുപോവൂല. അത് എവിടുത്തെ നിയമം?
സംഭവം കഴിഞ്ഞപ്പോഴാണ് ഞാന്‍ ഇവിടെ എത്തിയത്. ഞാന്‍ വന്ന് നോക്കിയപ്പോള്‍ മേശപ്പുറത്ത് നാല് പാത്രം നിരന്നിരിപ്പുണ്ട്. ഉണ്ടിരിക്കുന്നവരെ ഉണ്ണാന്‍ സമ്മതിക്കാതെ ആരെങ്കിലും കൊണ്ടുപോകുമോയെന്ന് എന്റെ മകളും ചോദിച്ചു.
അമ്പിളിയെയും ഇവിടെ തന്നെ അടക്കും. ഈ ഭൂമിയില്‍ വാഴാന്‍ സമ്മതിക്കൂലാന്ന് നേരത്തെ ഭീഷണിയുണ്ട്. രാജന്‍ നേരത്തെ എന്നോട് പറഞ്ഞിരുന്നു, അമ്മാ ആരെങ്കിലും എന്തേലും ചെയ്ത് ഞാന്‍ ചത്താല്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ എന്നെ അടക്കണം. ശ്മശാനത്തിലൊന്നും കൊണ്ടിടരുതെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്.’ രാജന്റെ അമ്മ പറഞ്ഞു.
നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം.
ഡിസംബര്‍ 22നാണ് സംഭവം നടന്നത്.
കഴിഞ്ഞ ജൂണില്‍ കോടതി കമ്മീഷനെ നിയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് രാജന്‍ തടസപ്പെടുത്തിയിരുന്നു. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടി വന്നതെന്നും രാജന്‍ മൊഴി നല്‍കിയിരുന്നു.
70 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന്റെ രണ്ട് വൃക്കകളും തകരാറിലായതോടെയാണ് തിങ്കളാഴ്ച രാവിലെയോടെ മരണപ്പെടുന്നത്. വൈകീട്ടോടെ ഭാര്യ അമ്പിളിയും മരിക്കുകയായിരുന്നു.
അച്ഛന്റെ മരണത്തില്‍ പൊലീസിനും അയല്‍വാസിക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജന്റെ മക്കള്‍ രംഗത്തുവന്നിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക