| Thursday, 12th December 2019, 4:57 pm

സദാചാര ഗുണ്ടായിസം; രാജിവെച്ച ഭരണസമിതി അംഗങ്ങളെ ആറ് മാസത്തേക്ക് പ്രസ് ക്ലബ് പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു; രാധാകൃഷ്ണനെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.എം രാധാകൃഷ്ണനെ പ്രസ്‌ക്ലബ് അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് രാജി വെച്ച ഭരണ സമിതിയംഗങ്ങളെ ആറ് മാസത്തേക്ക് പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് നടന്ന ജനറല്‍ബോഡിയുടേതാണ് തീരുമാനം.

സോണിച്ചന്‍ പി. ജോസഫ്(പ്രസിഡന്റ്) എം.രാധാകൃഷ്ണന്‍(മുന്‍ സെക്രട്ടറി), എസ്. ശ്രീകേഷ്,(ഖജാന്‍ജി) ഹാരിസ് കുറ്റിപ്പുറം( വൈസ് പ്രസിഡന്റ്) മാനേജ് കമ്മിറ്റിയംഗങ്ങളായ പി.എം ബിജുകുമാര്‍, രാജേഷ് ഉള്ളൂര്‍, ലക്ഷ്മി മോഹന്‍, എച്ച്. ഹണി, അജി ബുധന്നൂര്‍ (വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍) എന്നിവരെയാണ് ആറ് മാസത്തേക്ക് പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

മാധ്യമപ്രവര്‍ത്തകരുടെയും പ്രസ് ക്ലബ്ബിന്റെയും അന്തസ് തകര്‍ക്കുന്ന രീതിയില്‍ക്രിമിനല്‍ കുറ്റകൃത്യം നടത്തുകയും തുടര്‍ന്നും പരാതിക്കാരിയെയും മറ്റു സ്ത്രീകളെയും തുടര്‍ച്ചയായി അപമാനിക്കുകയും ചെയ്ത സെക്രട്ടറി എം. രാധാകൃഷ്ണനെ പ്രസ് ക്ലബ്ബിന്റെപ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാനും ജനറല്‍ ബോഡിയില്‍ തീരുമാനമായി.

ജനറല്‍ ബോഡിയുടെ മറ്റു തീരുമാനങ്ങള്‍

2) കമ്മിറ്റി നേരത്തെ വച്ച അന്വേഷണ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മാനേജിങ് കമ്മിറ്റി വച്ച അന്വേഷണ സമിതിയെ റദ്ദാക്കി

3) പുതിയ അന്വേഷണ സമിതി ശ്രീദേവി പിള്ള (മനോരമ ന്യൂസ്)- ചെയര്‍പേഴ്സണ്‍ ഷുജി (പ്രഭാത വാര്‍ത്ത) , അനുപമ ജി. നായര്‍ (കൈരളി ടിവി),ജിഷ (ടൈംസ് ഓഫ് ഇന്ത്യ), സതീഷ്ബാബു (കൈരളി ടിവി) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തീരുമാനിക്കുകയും ഈ കമ്മിറ്റിയോട് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് മാനേജിങ് കമ്മിറ്റിക്ക് കൈമാറാനും ആവശ്യപ്പെട്ടു. ഈ കമ്മിറ്റിയുടെ ടേംസ് ഓഫ് റെഫെറന്‍സ് ഉടന്‍ കൈമാറാന്‍ മാനേജിങ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

4) പ്രസിഡന്റ് സോണിച്ചന്‍ പി. ജോസഫ്,വൈസ് പ്രസിഡന്റ് ഹാരിസ് കുറ്റിപ്പുറം, സെക്രട്ടറി എം. രാധാകൃഷ്ണന്‍, ട്രഷറര്‍ എസ്. ശ്രീകേഷ്,മാനേജിങ് കമ്മിറ്റി അംഗങ്ങളായ പി. എം. ബിജുകുമാര്‍, രാജേഷ് കുമാര്‍ ആര്‍, ഹണി എച്ച്, ലക്ഷ്മിമോഹന്‍, വെല്‍ഫയര്‍ കമ്മിറ്റി അംഗം അജി കുമാര്‍, എന്നിവരുടെ രാജി അംഗീകരിച്ചു.

ക്ലബ്ബ് സെക്രട്ടറിക്കെതിരെഗുരുതരമായ ആരോപണം ഉയര്‍ന്നപ്പോള്‍ പ്രസ് ക്ലബ്ബിന്റെയും അംഗങ്ങളുടെയും അന്തസ് കെടുത്തുന്ന തരത്തില്‍ അപമാനകരമായ നടപടി സ്വീകരിക്കുകയും ഇരയായ പെണ്‍കുട്ടിക്കെതിരെ നിലപാട് എടുക്കുകയും സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ പ്രതിയായ രാധാകൃഷ്ണനെ സംരക്ഷിക്കുകയും പ്രസ് ക്ലബ്ബിനെ ഒളിസങ്കേതം ആക്കാന്‍ അനുവദിക്കുകയും ചെയ്ത അംഗങ്ങളുടെ നടപടി അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു.

ജനാധിപത്യ രീതിയില്‍ പ്രസ് ക്ലബ്ബ് അംഗങ്ങള്‍ തിരഞ്ഞെടുത്ത ഈ ഭാരവാഹികള്‍, ഉത്തരവാദിത്തപ്പെട്ട തങ്ങളുടെ സ്ഥാനങ്ങള്‍ രാജി വക്കുകയും അതിലൂടെ പ്രസ്‌ക്ലബ്ബിന്റെ സുഖമമായ ഭരണത്തെ അതീവ പ്രതിസന്ധിയില്‍ എത്തിക്കുകയുമാണ് ചെയ്തതെന്ന് ജനറല്‍ബോഡി ഒറ്റക്കെട്ടായി വിലയിരുത്തി.

ആയതിനാല്‍ അതീവ ഗുരുതരമായ വീഴ്ച വരുത്തിയ സോണിച്ചന്‍പി. ജോസഫ്, ഹാരിസ് കുറ്റിപ്പുറം, എസ്. ശ്രീകേഷ്,പി. എം. ബിജുകുമാര്‍, രാജേഷ് കുമാര്‍ ആര്‍, ഹണി എച്ച്, ലക്ഷ്മി മോഹന്‍, അജി കുമാര്‍ എന്നിവരെ 6 മാസത്തേക്ക് അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. ഇവര്‍ക്കെതിരെയുള്ള അന്വേഷണം മേല്‍സമിതി നടത്തും.

5) നിലവിലുള്ള മൂന്നംഗ സമിതിയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിക്കായിരിക്കും ഭരണച്ചുമതല. സെക്രട്ടറിയായി സാബ്‌ളൂ തോമസിനെയും ട്രഷററായി വി. എസ്. അനുവിനെയും ജനറല്‍ബോഡി തീരുമാനിച്ചു.

6) പരാതിക്കാരിയായ അംഗം ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കെതിരെ അത്യന്തം അപമാനകരമായി ആക്ഷേപം പരസ്യമായി ഉന്നയിച്ച പി. ആര്‍. പ്രവീണിനെ ആറു മാസത്തേക്ക് അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനും ടിയാനെതിരെയുള്ള പരാതി മേല്‍സമിതി അന്വേഷിക്കാനും തീരുമാനിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

7) മിനിട്ട്സും താക്കോലും അടക്കം നഷ്ടപ്പെട്ട രേഖകളും വസ്തുവകകള്‍ കണ്ടെത്തുന്നതിന് ആവശ്യമെങ്കില്‍ പോലീസിന്റെ സഹായം തേടാന്‍ മാനേജിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ക്ലബ്ബ് കമ്മിറ്റി ഭാരവാഹികളുടെ അപമാനകരമായ നടപടിയില്‍ പ്രതിഷേധിച്ച് ഹോണററി അംഗത്വം രാജി വെച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീ. ബി. ആര്‍. പി. ഭാസ്‌കറിനെ ക്ലബ്ബ് തെറ്റ് തിരുത്തിയതായി അറിയിക്കും.

ഭാരവാഹികള്‍ നേരിട്ട് അദ്ദേഹത്തെക്കണ്ട് അംഗത്വത്തിലേക്ക് മടങ്ങിവരണമെന്ന് അഭ്യര്‍ത്ഥിക്കും. ഇക്കാര്യം മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ നേരിട്ട് കണ്ട് ആവശ്യപ്പെടും.

മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നും വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നും എം. രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ തൊഴിലെടുക്കുന്ന സ്ഥാപനവും രാധാകൃഷ്ണനെ സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പുറമെ രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ തിരുവനന്തപുരം പ്രസ് ക്ലബിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. ഇതിന് പിന്നാലെ സെക്രട്ടറി സ്ഥാനത്ത് നിന്നും രാധാകൃഷ്ണനെ താത്കാലികമായി മാറ്റി നിര്‍ത്താന്‍ പ്രസ് ക്ലബ് തീരുമാനിക്കുകയും ചെയ്തിരുന്നു.

വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയെന്നാണ് രാധാകൃഷ്ണനെതിരായ ആരോപണം. സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദ്ദിക്കുക, തടഞ്ഞുവെയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങള്‍ വരുന്ന വകുപ്പുകളാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more