തിരുവനന്തപുരം വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കൊവിഡ്
Kerala
തിരുവനന്തപുരം വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st July 2020, 4:48 pm

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കൊവിഡ്. 27 അന്തേവാസികള്‍ക്കും ആറ് കന്യാസ്ത്രീകള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട പ്രദേശമാണ് കൊച്ചുതുറ. അന്തേവാസികളെല്ലാം 50 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നതും ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്.

അടിയന്തരചികിത്സ നല്‍കാനുള്ള എല്ലാ നടപടികളും ജില്ലാ ഭരണകൂടം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുല്ലുവിള കൊവിഡ് ക്ലസ്റ്റര്‍ മേഖലയാണ്. ഇവിടെ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

ആളുകള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിലെല്ലാം ആന്റിജന്‍ പരിശോധന നടത്താനായിരുന്നു ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കും രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം നഗരത്തില്‍ ഇന്ന് മൂന്ന് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.

ഇതിനിടെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ജനശതാബ്ദി എക്‌സ്പ്രസില്‍ കയറിയ ആള്‍ക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്. കോഴിക്കോട് നിന്നാണ് ഇയാള്‍ ട്രെയിന്‍ കയറിയത്. കൊവിഡ് പരിശോധനാ ഫലം വരും മുന്‍പായിരുന്നു ഇയാള്‍ ട്രെയിന്‍ കയറിയത്. പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയും റെയില്‍വേ വിഭാഗം ഇദ്ദേഹത്തെ കൊച്ചിയിലിറക്കി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ഇരുന്ന കമ്പാര്‍ട്‌മെന്റ് സീല്‍ ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ