| Monday, 15th April 2024, 3:06 pm

'പൊളിറ്റിക്കലി മോട്ടിവേറ്റഡായ ചോദ്യങ്ങള്‍ വേണ്ട, ഉത്തരം കിട്ടില്ല'; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി രാജീവ് ചന്ദ്രശേഖര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി തിരുവനന്തപുരം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. പൊളിറ്റിക്കലി മോട്ടിവേറ്റഡായ ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ലെന്നും അവയ്ക്കുള്ള ഉത്തരങ്ങള്‍ തന്നില്‍ നിന്ന് ലഭിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായത്.

സ്ഫോടനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സി.പി.ഐ.എം പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനോട് ചോദിച്ചാല്‍ മതിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വര്‍ഗീയ വാദിയെന്ന് വിളിച്ചു. എന്ത് വേണമെങ്കിലും തന്നെ വിളിച്ചോളൂ, എന്നാല്‍ വര്‍ഗീയ വാദിയെന്ന് മാത്രം വിളിക്കരുതെന്ന് രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കേന്ദ്ര മന്ത്രി പിന്മാറുകയായിരുന്നു. എന്നാല്‍ കേരളം മതമൈത്രിയുടെ നാടാണെന്ന് സമ്മതിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കേരളം മാത്രമല്ല ഇന്ത്യയും അങ്ങനെ തന്നെയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇതേ ചോദ്യം ഉന്നയിച്ചപ്പോള്‍ കേന്ദ്ര മന്ത്രി ഒഴിഞ്ഞുമാറിയിരുന്നു.

രാജ്യത്ത് നുണയുടെ രാഷ്ട്രീയം നടക്കില്ലെന്നും കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കി പറ്റിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ത്യയില്‍ വികസനം കൊണ്ടുവരാനും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും കോണ്‍ഗ്രസിന്റെ പക്കല്‍ പദ്ധതികള്‍ ഒന്നുമില്ലെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ബീഫ്, പൗരത്വ ഭേദഗതി നിയമം എന്നിവയെക്കുറിച്ചുള്ള നുണയല്ല പ്രചരിപ്പിക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ നര്‍ത്തകിയും നടിയുമായ ശോഭന സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിന് പിന്തുണ നല്‍കികൊണ്ട് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ ആദ്യം മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെയെന്നാണ് ശോഭന മറുപടി നല്‍കിയത്.

Content Highlight: Thiruvananthapuram NDA candidate Rajeev Chandrasekhar was angry with journalist’s questions

We use cookies to give you the best possible experience. Learn more