'അനുവിന്റെ ആത്മഹത്യ ഖേദകരം; ലിസ്റ്റിന്റെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു'; വിശദീകരണവുമായി പി.എസ്.സി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പി.എസ്.സി ഉദ്യോഗാര്‍ത്ഥി അനുവിന്റെ മരണം ഖേദകരമാണെന്നും പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടിയിരുന്നെന്നും പി.എസ്.സിയുടെ വിശദീകരണം.
റാങ്ക് ലിസ്റ്റ് റദ്ദാക്കിയിരുന്നില്ല. മൂന്ന് മാസത്തേക്ക് കൂടി റാങ്ക് ലിസ്റ്റ് നീട്ടിയിരുന്നു. ഇതുവരെ 72 പേര്‍ക്ക് നിയമനം നല്‍കിയിരുന്നെന്നുമാണ് പി.എസ്.സി നല്‍കുന്ന വിശദീകരണം.
നേരത്തെ ജൂണ്‍ 19ാം തിയ്യതി സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി അവസാനിച്ചെന്ന് വാര്‍ത്ത വന്നിരുന്നു. ഇത് തെറ്റാണെന്നാണ് ഇപ്പോള്‍ പി.എസ്.സി പറയുന്നത്.
അനുവിന്റെ ആത്മഹത്യ ഖേദകരമാണെന്നും പി.എസ്.സിയുടെ വിശദീകരണ കുറിപ്പില്‍ പറയുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരക്കോണം സ്വദേശി അനുവിനെ ഞായറാഴ്ച രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ജോലിയില്ലാത്തതില്‍ ദുഃഖമുണ്ടെന്ന് ആത്മഹത്യ കുറിപ്പ് എഴുതി വെച്ചിട്ടുണ്ടായിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ അനു ഏറെ മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കളും പറഞ്ഞു. തിരുവനന്തപുരത്തെ സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 77ാം സ്ഥാനത്തുണ്ടായിരുന്നു അനു.
‘കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദന പോലെ, എന്തു ചെയ്യണമെന്നറിയില്ല, കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ചഭിനയിക്കാന്‍ വയ്യ, എല്ലാത്തിനും കാരണം ജോലിയില്ലായ്മ, സോറി, അനുവിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.