തിരുവനന്തപുരം: ആര്‍.എസ്.എസ് സേവാഭാരതിയുടെ പേരില്‍ കൈയേറിയ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ മുഞ്ചിറമഠത്തില്‍ നിന്ന് പഞ്ചലോഹ വിഗ്രഹം കാണാതായതയി പരാതി.
കൈയേറ്റത്തിനെതിരെ നിരാഹാര സമരം നടത്തുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥയാണ് ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സ്വാമി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.
ചാതുര്‍മാസ പൂജ ഒരുക്കത്തിനിടെയാണ് വിഗ്രഹം കാണാതായത് മനസ്സിലായതെന്ന് ബ്രഹ്മാനന്ദ തീര്‍ഥ വ്യക്തമാക്കി. തനിക്ക് ആക്രമണ ഭീഷണിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മഠത്തിലേക്കുള്ള പ്രവേശനം ആര്‍.എസ്.എസ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിരാഹാരം നടത്തുകയാണ് സ്വാമി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആരാധന നടത്താന്‍ ആര്‍.എസ്.എസുകാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മഠത്തിന് മുന്നിലെ ഇടുങ്ങിയ വഴിയിലാണ് പൂജ നടത്തുന്നത്. നേരത്തെയുണ്ടായിരുന്ന സ്വാമിമാരുടെ സമാധിസ്ഥാനമുള്ള മഠത്തിലാണ് ആചാര പ്രകാരം ചാതുര്‍മാസ പൂജ നടത്തേണ്ടത്.
കോട്ടയ്ക്കകം മിത്രാനന്ദപുരം ക്ഷേത്രത്തിനു സമീപത്തുള്ള ബാലസദനത്തിന് മുന്നിലാണ് സ്വാമി നിരാഹാരം ആരംഭിച്ചത്. മുഞ്ചിറമഠത്തിലെ മൂപ്പില്‍ സ്വാമി കൂടിയാണ് പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ.
ബാലസദനം പ്രവര്‍ത്തിക്കുന്ന സ്ഥലം മുഞ്ചിറ മഠം വകയാണെന്നും അത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് സ്വാമി നിരാഹാരം തുടങ്ങിയത്. മഠം തിരിച്ചുകിട്ടിയില്ലെങ്കില്‍ സമാധിവരെ നിരാഹാരം കിടക്കുമെന്നാണ് സ്വാമി പറയുന്നത്.
നേരത്തെ ബാലസദനത്തിന്റെ പേരില്‍ പുഷ്പാഞ്ജലി സ്വാമിമാര്‍ ചാതുര്‍മാസ പൂജ നടത്തേണ്ട സ്ഥലം വര്‍ഷങ്ങള്‍ക്കുമുമ്പേ ആര്‍എസ്എസ് കൈയേറിയിരുന്നു. ഇത് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് സ്വാമി നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ജൂലായില്‍ രണ്ട്മാസം നീളുന്ന ചാതുര്‍മാസ വൃതം ജൂലായ് 16 ന് പുഷ്പാഞ്ജലി സ്വാമി മിത്രാനന്ദപുരം ക്ഷേത്രത്തിനു സമീപത്തുള്ള മഠത്തില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ സേവാഭാരതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അനന്തശായി ബാലസദനത്തിന്റെ പ്രവര്‍ത്തകര്‍ അതിന് സമ്മതിച്ചില്ല.
തുടര്‍ന്ന് കെട്ടിടത്തിന് പുറത്തിരുന്ന് സ്വാമി വ്രതത്തിന്റെ ഭാഗമായ പൂജ നടത്തി. മറ്റ് ദിവസങ്ങളില്‍ താമസസ്ഥലത്താണ് വ്രതമനുഷ്ഠിച്ചത്. ഈ മാസം 17-ന് ആണ് വ്രതം അവസാനിക്കുന്നത് .
കേരളത്തിലെ 48 ക്ഷേത്രങ്ങളില്‍ പുഷ്പാഞ്ജലിക്ക് നിയോഗമുള്ള മുഞ്ചിറമഠത്തിന് കാര്‍ത്തികതിരുനാള്‍ രാജാവ് 1789 ല്‍ നല്‍കിയതാണ് മിത്രാനന്ദപുരത്തിന് സമീപത്തെ മഠം. 1992 വരെ മഠാധിപതിയുണ്ടായിരുന്നു. നിലവിലെ സ്വാമിയാര്‍ 2016 ലാണ് തെരഞ്ഞെടുക്കപ്പെട്ടത്.