തിരുവനന്തപുരം; തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി തിരുവന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചന്‍ നഗരസഭയുടേതെന്ന് തെറ്റിധരിപ്പിച്ച് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് മേയര്‍ പരാതി നല്‍കിയത്.
വ്യാപാരിയുടെ പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തില്‍ രാധാകൃഷ്ണനോട് വിശദീകരണം തേടിയിരുന്നെന്നും എന്നാല്‍ കൃത്യമായ മറുപടി ഇയാള്‍ നല്‍കിയില്ലെന്നും മേയര്‍ പറഞ്ഞു.
സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാരാക്രമണം നടത്തിയെന്ന കേസില്‍ വിചാരണ നേരിടുന്ന വ്യക്തികൂടിയാണ് രാധാകൃഷ്ണന്‍.
ഇയാള്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് അഖിലേന്ത്യാ വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയുടെ കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. 2019 ല്‍ രാത്രി വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ രാധാകൃഷ്ണന്‍ അതിക്രമിച്ചു കയറുകയും അവരോട് മോശമായി പെരുമാറുകയുമായിരുന്നു.
ഭര്‍ത്താവിനെ ഫോണ്‍ ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകയെ കായികമായി അക്രമിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന മാധ്യമസ്ഥാപനത്തില്‍ നിന്നും അനിശ്ചിത കാലത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതുവരെ ജോലിയില്‍ തിരിച്ചെടുത്തിട്ടുമില്ല.
കേരള പത്ര പ്രവര്‍ത്തക യൂണിയനും ഇയാളെ പുറത്താക്കിയിരുന്നു. ഇതിനിടെ തനിക്കെതിരെയുള്ള കേസില്‍ അനുകൂല വിധി സമ്പാദിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ച് ഏപ്രില്‍ മുതല്‍ പ്രസ് ക്ലബ്ബില്‍ ഇയാള്‍ സജീവമാകുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Thiruvananthapuram mayor has lodged a complaint against the Kradhakrishnan secretary of the Thiruvananthapuram Press Club