| Saturday, 22nd February 2020, 1:40 pm

വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടും സമ്പാദ്യം തകര്‍ത്തും വീട്ടുടമസ്ഥന്‍; മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് തള്ളപ്പെട്ട് ഒരു കുടുംബം

ആര്യ. പി

തിരുവനന്തപുരം: വാടകകുടിശിക വരുത്തിയെന്ന പേരില്‍ തിരുവനന്തപുരം മലയന്‍കീഴില്‍ കുടുംബത്തെ ഇറക്കിവിട്ടതായി പരാതി. കാട്ടാക്കട സ്വദേശിയും അക്വേറിയം കച്ചവടക്കാരനുമായ സുരേഷിനേയും കുടുംബത്തേയുമാണ് ഒക്ടോബര്‍ 30ാം തിയതി വീട്ടുടമസ്ഥന്‍ ഇറക്കിവിട്ടത്.

വീട്ടുസാധനങ്ങളും വില്‍പ്പനയ്ക്ക് വെച്ച മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അക്വേറിയം ടാങ്കുകളും തങ്ങള്‍ വീട്ടിലില്ലാതിരുന്ന സമയത്ത് പൊലീസിന്റെ സഹായത്തോടെ എടുത്ത് പുറത്തിടുകയായിരുന്നെന്ന് സുരേഷിന്റെ കുടുംബം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പരാതി കൊടുക്കാന്‍ സ്റ്റേഷനില്‍ പോയി തിരികെ വന്ന് കണ്ട കാഴ്ച സുരേഷിന്റെ മനസ്സിന്റെ താളം തെറ്റിക്കുന്നതായിരുന്നു. വില്‍പ്പനയ്ക്കായി വളര്‍ത്തികൊണ്ടുവന്ന അലങ്കാര മത്സ്യങ്ങള്‍ എല്ലാം വെളിയില്‍ ചത്തു മലച്ചു കിടക്കുന്നു. ആകെ സമ്പാദ്യമായി ഉണ്ടായിരുന്ന ബിസിനസ് അടക്കം തകര്‍ന്നിരിക്കുന്നു. വലിയ ഫിഷ്ടാങ്കുകളും മറ്റുമാകട്ടെ നാട്ടുകാരില്‍ ചിലര്‍ കൊണ്ടുപോകുകയും ചെയ്തു.

ഇതോടെ കടുത്ത മാനസിക സംഘര്‍ഷത്തില്‍ പെട്ട സുരേഷ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. പോകാന്‍ മറ്റൊരിടമില്ലാത്തതുകാരണം കഴിഞ്ഞ മൂന്നാഴ്ചയായി സുരേഷിനോടൊപ്പം ആശുപത്രിയില്‍ കഴിയുകയാണ് അഞ്ചുവയസുള്ള ഇളയ കുട്ടിയും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മൂത്തമകളും ഭാര്യ രാജശ്രീയും.

”അക്വേറിയം കച്ചവടം നടത്തി ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രം ജീവിച്ചു പോന്ന അദ്ദേഹത്തിന് 3 മാസത്തെ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ വീട്ടുടമസ്ഥന്‍ മലയന്‍കീഴ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അവിടെ വെച്ച് കുടിശ്ശിക പണം തീര്‍ത്തു. നവംബര്‍ 10 നുള്ളില്‍ വീട് മാറികൊടുക്കാന്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ധാരണയാവുകയും ചെയ്തു.

എന്നാല്‍ ഒക്ടോബര്‍ 30ന് വീട്ടുടമസ്ഥന്‍ തങ്ങളോട് വീടൊഴിയാന്‍ പറഞ്ഞു. പരാതി നല്‍കാനായി സ്റ്റേഷനില്‍ എത്തി തിരിച്ചെത്തുമ്പോഴേക്കും വീട്ടിലുള്ള എല്ലാ സാധനങ്ങളും എടുത്ത് അവര്‍ പുറത്തുകളഞ്ഞിരുന്നെന്ന്” സുരേഷിന്റെ ഭാര്യ രാജശ്രീ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

” 5000 രൂപ അഡ്വാന്‍സ് നല്‍കി 11 മാസത്തേക്കായിയിരുന്നു കരാര്‍ എഴുതിയത്. വീട്ടില്‍ വെച്ച് തന്നെയായിരുന്നു അദ്ദേഹം അലങ്കാര മത്സ്യങ്ങളുടെ കച്ചവടവും നടത്തിയത്. രണ്ട് മാസത്തെ കുടിശിക വന്നപ്പോഴേക്കും വീട് മാറണമെന്നും നിങ്ങള്‍ ശരിയാവില്ലെന്നും ഉടമസ്ഥന്‍ വന്നു പറഞ്ഞു. വീടൊഴിയാന്‍ ഞങ്ങള്‍ക്ക് പത്ത് ദിവസത്തെ സമയമായിരുന്നു തന്നത്. പത്ത് ദിവസം കൊണ്ട് ഇത്രയും സാധനങ്ങള്‍ മാറ്റാനോ മറ്റ് വീട് അന്വേഷിച്ച് കണ്ടെത്താനോ സാധിക്കുമായിരുന്നില്ല.

പത്ത് ദിവസം തികയുന്നതിന് മുന്‍പ് തന്നെ ഞാനും മക്കളും മാത്രമുള്ള സമയത്ത് അവര്‍ വീട്ടിലെത്തുകയും ഞങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കി താക്കോല്‍ കൊണ്ടുപോകുകയും ചെയ്തു. ഞാന്‍ ഭര്‍ത്താവിനെ വിളിച്ച് കാര്യം പറഞ്ഞതോടെ അദ്ദേഹം സ്റ്റേഷനില്‍ ചെന്ന് പരാതി കൊടുത്തു. ഇതോടെ ഞങ്ങളേയും വീട്ടുടമസ്ഥനേയും എസ്.ഐ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇങ്ങനെ പുറത്താക്കാനൊന്നും കഴിയില്ലെന്നും താക്കോല്‍ ഞങ്ങള്‍ക്ക് തന്നെ തിരിച്ചുതരണമെന്നും എസ്.ഐ പറഞ്ഞു. ഈ സംഭവം സെപ്റ്റംബറിലായിരുന്നു.

മൂന്ന് മാസത്തെ തുക ഒന്നിച്ച് കൊടുത്താല്‍ ഒരു മാസത്തേക്ക് കൂടി അവധി വാങ്ങിച്ച് തരാമെന്ന് സ്റ്റേഷനില്‍ നിന്ന് അറിയിച്ചു. ഇത് പ്രകാരം മൂന്ന് മാസത്തെ തുകയായ 12000 രൂപ, അതായത് നവംബര്‍ 10 വരെയുള്ള മുഴുവന്‍ തുകയും ഞങ്ങള്‍ കൊടുത്തു. അഡ്വാന്‍സ് തുക 5000 രൂപയും അവരുടെ കൈയിലുണ്ട്.

ഇതിനിടെ അദ്ദേഹത്തിന് നടുവിന് വേദന വന്നതുകാരണം കടയില്‍ പോകാന്‍ കഴിയാത്ത അവസ്ഥ വന്നു. പെട്ടെന്ന് വേറൊരു വീട് കണ്ടെത്താനും കഴിഞ്ഞില്ല. ഒക്ടോബര്‍ 30 ആയപ്പോള്‍ ഇവര്‍ വന്ന് ‘ഞങ്ങള്‍ സാധനങ്ങള്‍ എല്ലാം വാരി പുറത്തിടുമെന്നും മര്യാദയ്ക്ക് വീട് മാറിത്തരണമെന്നും’ പറഞ്ഞു.

ഒക്ടോബര്‍ 30 ന് ഞങ്ങളെ സ്‌റ്റേഷനില്‍ നിന്ന് വിളിപ്പിച്ചു. താക്കോല്‍ തരണമെന്നായിരുന്നു പൊലീസ് പറഞ്ഞത് കുറച്ചു സമയം കൂടി തരണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും അത് പറ്റില്ലെന്ന് പറഞ്ഞ് പൊലീസ് താക്കോല്‍ വാങ്ങി അവരെ ഏല്‍പ്പിക്കുകയായിരുന്നു.

ഇതോടെ ഞങ്ങള്‍ക്ക് പോകാന്‍ ഇടമില്ലാതായി ഇതിനിടെ വീട്ടിലെ സകല സാധനങ്ങളും പൊലീസിന്റെ കൂടി ഒത്താശയോടെ അവര്‍ പുറത്തെടുത്തിട്ടു. പാത്രങ്ങളും വസ്ത്രങ്ങളും സാധനങ്ങളും ഉള്‍പ്പെടെയാണ് വാരി പുറത്തിട്ടത്. മഴയത്ത് രണ്ടാഴ്ച വരെ കട്ടിലുള്‍പ്പെടെയുള്ള സാധനങ്ങള്‍ പുറത്തികിടന്നു.

അക്വേറിയത്തിന്റെ ടാങ്കും സാധനങ്ങളും ഒന്നും എടുക്കാന്‍ ഭര്‍ത്താവ് പോയിട്ടില്ല. പകുതി സാധനങ്ങളും ചിലര്‍ വന്ന് എടുത്തുകൊണ്ടുപോയി. അവരുടെ കൂടെ വന്ന ആളുകള്‍ തന്നെ പകുതി സാധനങ്ങളും വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി എന്ന് അയല്‍ക്കാര്‍ പറഞ്ഞു. അലങ്കാര മത്സ്യങ്ങളെല്ലാം അവിടെ കിടന്നു ചത്തു. ചില മീനുകളെയൊക്കെ ഇവര്‍ മണ്ണിട്ട് മൂടിയെന്നാണ് അടുത്തുള്ളവര്‍ പറഞ്ഞത്. ഇതോടെ അദ്ദേഹത്തിന്റെ മനസ് തകര്‍ന്നു. അദ്ദേഹം കളക്ട്രേറ്റില്‍ പോയി പരാതി കൊടുത്തു. വില്ലേജ് ഓഫീസിലും പരാതി നല്‍കി.

എസ്.പി ഓഫീസിലും വനിതാ സെല്ലിലും പോയി പിന്നീട് ഞാനും പരാതി കൊടുത്തു. എന്നാല്‍ ആരും ഒരു നടപടിയും എടുത്തില്ല. വില്ലേജില്‍ നിന്നും ഞങ്ങളെ വിളിക്കാതെ അവരെ വിളിച്ചു തീരുമാനമാക്കി. ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ , അവര്‍ വന്ന് ഫയല്‍ ക്ലോസ് ചെയ്തു എന്നാണ് പറഞ്ഞത്. പരാതി നല്‍കിയത് ഞാനല്ലേ എന്ന് ഭാര്‍ത്താവ് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല.

ഇതെല്ലാം ആയപ്പോള്‍ അദ്ദേഹം വല്ലാത്തൊരു മാനസികാവസ്ഥയിലായി. ഭക്ഷണം കഴിക്കില്ല, ഞങ്ങളുടെ കാര്യങ്ങളൊന്നും നോക്കില്ല. ഇതോടെ അദ്ദേഹത്തെ പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി.

അവിടെയുള്ള ഡോക്ടറോട് എനിക്ക് മരിക്കണമെന്നും ജീവിക്കാന്‍ കഴിയില്ലെന്നും സമ്പാദ്യമെല്ലാം പോയെന്നുമാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് ഡോക്ടര്‍ സെല്‍വരാജ് അദ്ദേഹത്തെ ഇവിടെ അഡ്മിറ്റാക്കുന്നത്. പോകാന്‍ ഒരു ഇടമാകുന്നതുവരെ അവിടെ നിന്നോളാനാണ് ഡോക്ടര്‍ പറഞ്ഞത്.

രണ്ട് ദിവസം മുന്‍പ് അഭിഭാഷക സന്ധ്യ ജനാര്‍ദ്ദനൊപ്പം ഞാന്‍ മലയിന്‍കീഴ് പോയിരുന്നു. വലിയ ടാങ്കും അക്വേറിയവും സാധനങ്ങളുമെല്ലാം എല്ലാം പുറത്ത് കിടക്കുന്നുണ്ട്. കുറേയൊക്കെ നാട്ടുകാരില്‍ ചിലര്‍ പെറുക്കിക്കൊണ്ടുപോയതായി അടുത്തവള്ളവര്‍ പറഞ്ഞു. പഞ്ചായത്തൊന്നും ഞങ്ങളുടെ കാര്യത്തില്‍ ഇടപെട്ടിട്ടില്ല ”, രാജശ്രീ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നെടുമങ്ങാട് കടകുളം മുല്ലശേരിയാണ് രാജശ്രീയുടെ സ്വദേശം. കാട്ടാക്കട സ്വദേശിയാണ് സുരേഷ്. കഴിഞ്ഞ നാല് വര്‍ഷമായി ഇവര്‍ മലയിന്‍കീഴ് വാടകയ്ക്ക് താമസിച്ചുവരികയാണ്. മൂത്ത മകള്‍ മലയന്‍കീഴ് സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. ഇളയ മകള്‍ക്ക് നാല് വയസാണ്.

തെറ്റ് ചെയ്തിട്ട് പോലും വീട്ടുടമസ്ഥനെ ന്യായീകരിക്കുകയാണ് നാട്ടുകാരില്‍ പലരുമെന്നും പൊലീസ് പോലും അവര്‍ക്കൊപ്പമാണെന്നും ഇവര്‍ പറയുന്നു.

ഇതുവരെയും ഒരു സഹായവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അഡ്വ. സന്ധ്യ വഴി നിയമപരമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റാരില്‍ നിന്നും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല, രാജശ്രീ പറയുന്നു.

അതേസമയം സുരേഷില്‍ നിന്നും പരാതി ലഭിച്ചിരുന്നെന്നും എന്നാല്‍ വാടക കൊടുക്കാതെ താമസിച്ചുവരുന്ന ഒരാളെ തങ്ങള്‍ക്ക് സംരക്ഷിക്കാന്‍ കഴിയില്ലെന്നുമാണ് മലയന്‍കീഴ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ഹരീന്ദ്രന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

പലയിടത്തും വീടുകള്‍ വാടകയ്ക്ക് എടുത്ത് വാടക കൊടുക്കാതെ പ്രശ്‌നമാകാറുണ്ടെന്നും നിരവധി തവണ പരാതി ലഭിച്ചതുപ്രകാരം പൊലീസിന് ഇടപെടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീട് വാടകയ്ക്ക് കൊടുക്കുന്നവരുടെ ഭാഗം നോക്കുമ്പോള്‍ അവരുടെ ഭാഗത്ത് ന്യായമുണ്ട്. പൊലീസിന് ഇതില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതില്‍ സര്‍ക്കാരിനോ പഞ്ചായത്തിനോ മാത്രമേ ഇടപെടാന്‍ കഴിയുകയുള്ളൂ. വീട്ടുസാധനങ്ങള്‍ പൊലീസിന്റെ സഹായത്തോടെ പുറത്തെടുത്തിട്ടില്ല. വാടകക്കാരെ ഇറക്കിവിടാനുള്ള അധികാരം പൊലീസിനില്ല. അങ്ങനെ ചെയ്തിട്ടില്ല. ഉടമസ്ഥന്‍ വീട് ഒഴിപ്പിച്ചിട്ടുണ്ടാകണം. അതില്‍ പൊലീസിന് റോളില്ല, എന്നായിരുന്നു പൊലീസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more