Kerala
വീട്ടില്‍ കയറി തേപ്പുപെട്ടികൊണ്ട് തലക്കടിച്ചു, വളഞ്ഞിട്ടുതല്ലി, വലിച്ചിഴച്ചു, നടന്നത് നീചമായ ആക്രമണം; എസ്.എഫ്.ഐക്കെതിരെ കെ.എസ്.യു വനിത നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 16, 06:56 am
Wednesday, 16th March 2022, 12:26 pm

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ എട്ടു എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൂടി പ്രതി ചേര്‍ത്തു.

എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. ആക്രമിച്ചതിനും വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തിയതിനുമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിട്ടുളളത്.

സംഘര്‍ഷത്തില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്നയടക്കം മുന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. സഫ്‌നയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

യൂണിയന്‍ ഉദ്ഘാടനത്തിന് ശേഷം എട്ടരയോടെ പുറത്തേയ്ക്ക് പോകുന്ന സമയത്താണ് തങ്ങളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചതെന്ന് സഫീന മാധ്യമങ്ങളോട് പറഞ്ഞു. ‘എന്നെയും ആഷിക്കിനെയും മിഥുനെയും കോളജില്‍ വച്ചാണ് ആക്രമിച്ചത്. അതിന് ശേഷം വീട്ടില്‍ കയറി ദേവനാരായണനെയും കൂടെ ഉണ്ടായിരുന്ന പത്തുപേരെയും ആക്രമിച്ചു.

തേപ്പുപെട്ടി ഉപയോഗിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ചു. എന്നെ വലിച്ചിഴച്ചു. വീട്ടിലെ സാധനങ്ങള്‍ നശിപ്പിച്ചു. നീചവും ക്രൂരവുമായ ആക്രമണമാണ് ഉണ്ടായത്. സംഭവത്തില്‍ നീതി ലഭിക്കണം. തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ പകയാവാം ആക്രമണത്തിന് കാരണം ‘ -സഫ്‌ന പറഞ്ഞു.

സഫ്‌നയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ കോളേജ് യുണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. യൂണിയന്‍ ഉദ്ഘാടനത്തെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കെ.എസ്.യു സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. ഇതിനെ ചൊല്ലിയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചതെന്ന് കെ.എസ്.യു നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെ.എസ്.യുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്.