തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ വീണ്ടും മാലിന്യം നിക്ഷേപിച്ചതിനെ തുടർന്ന് റെയിൽവേക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ. ഇത് കൂടാതെ റെയിൽവേ പത്ത് ലോഡ് മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചെന്നും പൊലീസിൽ കേസ് രജിസ്റ്റർ ചെയ്‌തെന്നും നോട്ടീസ് നൽകിയിട്ടും റെയിൽവേ പ്രതികരിച്ചിട്ടില്ലെന്നും മേയർ പറഞ്ഞു.
റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന സമീപനം ഒരു ശരിയായ സമീപനമല്ലെന്ന് മേയർ പറഞ്ഞു.
‘നവംബർ മാസം ഒന്നാം തീയതി നഗരസഭയുടെ അണമുഖം വാർഡിലുള്ള ഒരു ഗ്രൗണ്ടിൽ ഏതാണ്ട് 25 ലോഡോളം മാലിന്യങ്ങൾ റയിൽവേ നൽകിയ കരാറിന്റെ അടിസ്ഥാനത്തിൽ മാലിന്യം മാറ്റുന്ന ആളുകൾ തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്ന സാഹചര്യം ഉണ്ടായി.
എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും 31 ന് വെളുപ്പിന് ഒരു മണിക്ക് നഗരസഭയുടെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗം ജീവനക്കാരുടെ സ്‌ക്വാഡ് പരിശോധിച്ച് ചെല്ലുമ്പോൾ ഏതാണ്ട് പത്ത് ലോഡുകളോളം മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തി,’ മേയർ പറഞ്ഞു.
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം മാറ്റുന്നതിൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായതായി തോട്ടിൽ മുങ്ങി മരിച്ച ജോയിയുടെ മരണത്തിന് ശേഷം തിരുവനന്തപുരം നഗരസഭ ഉയർത്തിയിരുന്നു. തുടർന്ന് റെയിൽവേയും നഗരസഭയും തമ്മിൽ വലിയ വാദപ്രതിവാദം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മാലിന്യ നീക്കത്തിന് അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് റെയിൽവേയെ സമീപിക്കുന്നത്. റയിൽവേ ഭൂമിയിൽ കുമിഞ്ഞ് കൂടി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ എടുത്തിരുന്നു.
കൊച്ചുവേളി റയിൽവേ സ്റ്റേഷന് സമീപം കുമിഞ്ഞ് കൂടി കിടന്ന മാലിന്യം നീക്കം ചെയ്യാൻ റയിൽവേ ഒരു ഏജൻസിയെ ഏൽപ്പിച്ചു. ആ ഏജൻസി നഗരമധ്യത്തിൽ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിക്ഷേപിക്കുകയായിരുന്നു . ഇത് കയ്യോടെ പിടികൂടിയതോടെയാണ് ഇത് റെയിൽവേ ഭൂമിയിലെ മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് റെയിൽവേക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
Content Highlight: Thiruvananthapuram Garbage was deposited in Amayizhanchan river; Mayor Arya Rajendran against Railways