പീഡനത്തിന് മുമ്പ് ഭര്‍ത്താവ് സുഹൃത്തുക്കളില്‍നിന്നും പണം വാങ്ങി; കഠിനംകുളം പീഡനത്തില്‍ യുവതിയുടെ മൊഴി
Kerala News
പീഡനത്തിന് മുമ്പ് ഭര്‍ത്താവ് സുഹൃത്തുക്കളില്‍നിന്നും പണം വാങ്ങി; കഠിനംകുളം പീഡനത്തില്‍ യുവതിയുടെ മൊഴി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th June 2020, 6:30 pm

തിരുവനന്തപുരം: കഠിനംകുളം പീഡനത്തില്‍ ഭര്‍ത്താവ് സുഹൃത്തുക്കളില്‍നിന്നും പണം വാങ്ങിയിരുന്നതായി യുവതിയുടെ മൊഴി. സംഭവം നടന്നതിന്റെ തലേ ദിവസം ഭര്‍ത്താവ് പണം വാങ്ങിയിരുന്നു. വീട്ടുടമയില്‍ നിന്നും പണം വാങ്ങുന്നത് നേരിട്ട് കണ്ടിരുന്നെന്നും യുവതി മൊഴി നല്‍കി.

പീഡനത്തിന് മുമ്പ് യുവതിക്ക് മദ്യം നല്‍കുമ്പോള്‍ മറ്റ് പ്രതികള്‍ വീട്ടുടമ രാജന്റെ പുതുക്കുറുച്ചിയിലെ വീടിന് പരിസരത്തുണ്ടായിരുന്നെന്നും യുവതി വെളിപ്പെടുത്തി. കേസില്‍ ഭര്‍ത്താവടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. കൂടുതല്‍ അറസ്റ്റ് വേണമോ എന്ന കാര്യത്തില്‍ യുവതിയുടെ മൊഴി പരിശോധിച്ചശേഷം തീരുമാനിക്കും.

യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്ന യുവതിയെ മറ്റൊരു വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. ഭര്‍ത്താവും ആറ് സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു അതിക്രമം.

അഞ്ചു വയസ്സുള്ള കുട്ടിയുടെ മുന്നില്‍ വെച്ചായിരുന്നു യുവതിയെ ബലാത്സംഗം ചെയ്തത്. ഇതിനാല്‍ പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തുമെന്നാണ് വിവരം. കസ്റ്റഡിയിലുള്ളവര്‍ക്ക് ബലാത്സംഗത്തിലെ പങ്ക് വ്യക്തമായി വരുന്നേയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് യുവതിയെ കണിയാപുരത്ത് വെച്ച് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. രക്ഷപെട്ട് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി വാഹനത്തിന് കൈകാണിച്ചു. ഇതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ യുവതിയെ കണിയാപുരത്തെ വീട്ടിലേക്കെത്തിച്ചു. തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ