| Thursday, 5th January 2023, 6:22 pm

എതിര്‍ ലിംഗത്തിലുള്ള ആരെയും ഫ്‌ളാറ്റില്‍ പ്രവേശിപ്പിക്കരുത്; അവിവാഹിതര്‍ ഒഴിഞ്ഞുപോണം: വിചിത്ര നിര്‍ദേശവുമായി ഫ്‌ളാറ്റ് അസോസിയേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാടകക്കാര്‍ക്ക് വിചിത്ര നിര്‍ദേശവുമായി തിരുവനന്തപുരത്തെ ഫ്‌ളാറ്റ് അസോസിയേഷന്റെ സര്‍ക്കുലര്‍. അവിവാഹിതരായ താമസക്കാര്‍ രണ്ട് മാസത്തിനുള്ളില്‍ ഒഴിയണമെന്നടക്കമുള്ള നിര്‍ദേശങ്ങളാണ് തിരുവനന്തപുരം പട്ടത്തെ
ഹീര ട്വിന്‍സ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ നല്‍കിയിരിക്കുന്നത്.

അവിവാഹിതര്‍ നേരിട്ടുള്ള രക്തബന്ധത്തിലുള്ളവരല്ലാതെ എതിര്‍ലിംഗക്കാരെ ഫ്‌ളാറ്റില്‍ കയറ്റരുതെന്നും ഫ്‌ളാറ്റ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. ഈ മാസം
മൂന്നിനാണ് ഫ്‌ളാറ്റിലെ അവിവാഹിതരായ വാടകക്കാര്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ നോട്ടീസ് നല്‍കിയത്.

‘നേരിട്ടുള്ള രക്തബന്ധത്തിലുള്ള ബന്ധുക്കളല്ലാതെ എതിര്‍ ലിംഗത്തിലുള്ള ആരെയും ഫ്‌ളാറ്റില്‍ പ്രവേശിപ്പിക്കരുത്. വാടകക്കാര്‍ക്ക് ഫ്‌ളാറ്റിന്റെ ബേസ്‌മെന്റിലെ ഓഫീസ് രജിസ്റ്ററില്‍ പേരെഴുതിയ ശേഷം സന്ദര്‍ശകരോട് ഇവിടെ വെച്ച് തന്നെ സംസാരിക്കാം.

എല്ലാ വാടകക്കാരും അവരുടെ ആധാറും ഫോണ്‍ നമ്പറും ഒപ്പം രക്ഷിതാവിന്റെയോ മാതാപിതാക്കളുടെയോ ഫോണ്‍ നമ്പറും അസോസിയേഷന് സമര്‍പ്പിക്കണം. ഇവ സന്ദര്‍ശക രജിസ്റ്ററിലും രേഖപ്പെടുത്തണം.

ഫ്‌ളാറ്റ് സമുച്ചയം കുടുംബങ്ങള്‍ക്ക് മാത്രം താമസിക്കാനായി പരിമിതപ്പെടുത്തിയിരിക്കുന്നു. ആയതിനാല്‍ അവിവാഹിതരായ താമസക്കാര്‍ ഉടന്‍ ഇവിടെ നിന്ന് ഒഴിയണം.

നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയും സെക്യൂരിറ്റി ജീവനക്കാരനോട് തര്‍ക്കിക്കുകയും ചെയ്താല്‍ പൊലീസ് ഇടപെടും. വിവരം രക്ഷിതാക്കളെയും മാതാപിതാക്കളെയും വിളിച്ച് അറിയിക്കുകയും ചെയ്യും,’ തുടങ്ങിയ നിര്‍ദേശങ്ങളാണ് അസോസിയേഷന്‍ നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്.

അതേസമയം, തങ്ങള്‍ക്ക് വാടകക്ക് നല്‍കിയ ഉടമ ഫ്‌ളാറ്റ് ഒഴിയാന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ഫ്‌ളാറ്റിന് താഴെ ഇത്തരത്തില്‍ ഒരു നോട്ടീസ് പതിച്ചതിലും എന്ന് ഒഴിയേണ്ടിവരുമെന്നതിലും ആശങ്കയുണ്ടെന്നുമാണ് ഇവിടുത്തെ അവിവാഹിതരായ താമസക്കാര്‍ പറയുന്നത്.

ആകെ 24 ഫ്‌ളാറ്റുകളാണ് ഇവിടെയുള്ളത്. അതില്‍ ആറ് ഇടത്ത് മാത്രമാണ് അവിവാഹിതരായ വാടകക്കാര്‍ താമസിക്കുന്നത്.

Content Highlight: Thiruvananthapuram flat association’s circular with strange advice to tenants

We use cookies to give you the best possible experience. Learn more