തിരുവനന്തപുരം: വാടകക്കാര്‍ക്ക് വിചിത്ര നിര്‍ദേശവുമായി തിരുവനന്തപുരത്തെ ഫ്‌ളാറ്റ് അസോസിയേഷന്റെ സര്‍ക്കുലര്‍. അവിവാഹിതരായ താമസക്കാര്‍ രണ്ട് മാസത്തിനുള്ളില്‍ ഒഴിയണമെന്നടക്കമുള്ള നിര്‍ദേശങ്ങളാണ് തിരുവനന്തപുരം പട്ടത്തെ
ഹീര ട്വിന്‍സ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ നല്‍കിയിരിക്കുന്നത്.
അവിവാഹിതര്‍ നേരിട്ടുള്ള രക്തബന്ധത്തിലുള്ളവരല്ലാതെ എതിര്‍ലിംഗക്കാരെ ഫ്‌ളാറ്റില്‍ കയറ്റരുതെന്നും ഫ്‌ളാറ്റ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. ഈ മാസം
മൂന്നിനാണ് ഫ്‌ളാറ്റിലെ അവിവാഹിതരായ വാടകക്കാര്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ നോട്ടീസ് നല്‍കിയത്.
‘നേരിട്ടുള്ള രക്തബന്ധത്തിലുള്ള ബന്ധുക്കളല്ലാതെ എതിര്‍ ലിംഗത്തിലുള്ള ആരെയും ഫ്‌ളാറ്റില്‍ പ്രവേശിപ്പിക്കരുത്. വാടകക്കാര്‍ക്ക് ഫ്‌ളാറ്റിന്റെ ബേസ്‌മെന്റിലെ ഓഫീസ് രജിസ്റ്ററില്‍ പേരെഴുതിയ ശേഷം സന്ദര്‍ശകരോട് ഇവിടെ വെച്ച് തന്നെ സംസാരിക്കാം.
എല്ലാ വാടകക്കാരും അവരുടെ ആധാറും ഫോണ്‍ നമ്പറും ഒപ്പം രക്ഷിതാവിന്റെയോ മാതാപിതാക്കളുടെയോ ഫോണ്‍ നമ്പറും അസോസിയേഷന് സമര്‍പ്പിക്കണം. ഇവ സന്ദര്‍ശക രജിസ്റ്ററിലും രേഖപ്പെടുത്തണം.
ഫ്‌ളാറ്റ് സമുച്ചയം കുടുംബങ്ങള്‍ക്ക് മാത്രം താമസിക്കാനായി പരിമിതപ്പെടുത്തിയിരിക്കുന്നു. ആയതിനാല്‍ അവിവാഹിതരായ താമസക്കാര്‍ ഉടന്‍ ഇവിടെ നിന്ന് ഒഴിയണം.