ലാന്‍ഡിങ്ങിന്റെ ഭാഗമായി ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടെങ്കിലും അപകടസാധ്യത മുന്നില്‍ക്കണ്ട് പൈലറ്റ് വിമാനം പെട്ടെന്ന് ഉയര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനം കത്തിയമര്‍ന്നതിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് യു.എ.ഇ ഫെഡറല്‍ വ്യോമയാന അതോറിറ്റി പുറത്തുവിട്ടു.
പെട്ടെന്നു സംഭവിച്ച കാറ്റിന്റെ തീവ്രതയിലും ഗതിമാറ്റത്തിലും വിമാനം ആടിയുലഞ്ഞതാണ് അപകടത്തിനു വഴിയൊരുക്കിയത്. ലാന്‍ഡിങ്ങിന്റെ ഭാഗമായി ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടെങ്കിലും അപകടസാധ്യത മുന്നില്‍ക്കണ്ട് പൈലറ്റ് വിമാനം പെട്ടെന്ന് ഉയര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍, ചക്രങ്ങള്‍ ഉള്ളിലേക്കു കയറിയെങ്കിലും വീണ്ടും ഉയരാനുള്ള ശ്രമം പരാജയപ്പെട്ടു വിമാനം ശക്തമായി നിലത്തിടിക്കുകയുമായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിന് തീപിടിക്കാന്‍ ഇത് കാരണമായി.
റണ്‍വേയുടെ 85 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് പൈലറ്റ് ലാന്‍ഡിങ്ങിന് ശ്രമിച്ചത്. വീണ്ടും വിമാനം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പൈലറ്റിന് നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
എയര്‍ക്രാഫ്റ്റ് കമാന്‍ഡറും മുതിര്‍ന്ന ജീവനക്കാരുമാണ് ഏറ്റവുമൊടുവില്‍ വിമാനത്തില്‍ നിന്നിറങ്ങിയത്. തീ പിടിച്ചയുടന്‍ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിനകത്തു കനത്ത പുക നിറഞ്ഞപ്പോള്‍ എമര്‍ജന്‍സി എക്‌സിറ്റ് കാഴ്ചയില്‍ മറഞ്ഞതു പരിഭ്രാന്തി പരത്തി.
ഉടന്‍ ജീവനക്കാര്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കുകയും യാത്രക്കാര്‍ക്കു രക്ഷപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്തു. ജീവനക്കാരില്‍ ഒരാള്‍ കനത്ത പുക ശ്വസിച്ച് അവശനിലയിലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നല്‍കി. പൊട്ടിത്തെറിയില്‍ അകപ്പെട്ടാണ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ ജാസിം ഈസാ അല്‍ ബലൂഷി(27) മരിച്ചത്. ജാസിമിന്റെ ധീര നടപടിയാണു യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
അപകടസമയം കനത്ത പൊടിക്കാറ്റും വീശിയിരുന്നു. ഇതുകാരണം നാലു കിലോമീറ്റര്‍ മാത്രമായിരുന്നു ദൂരക്കാഴ്ച. ഇതുസംബന്ധമായി എയര്‍ ട്രാഫിക് മാനേജര്‍ കീഴുദ്യോഗസ്ഥര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. കൂടാതെ, കാറ്റിന്റെ ഗതിമാറ്റമുണ്ടാകുമെന്നു യുഎഇയിലെ വിവിധ വിമാനത്താവളങ്ങള്‍ക്കും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അന്നു രാവിലെ മുന്നറിയിപ്പു നല്‍കിയിരുന്നു.
കഴിഞ്ഞ മാസം മൂന്നിന് ഉച്ചയ്ക്കു തിരുവനന്തപുരത്തുനിന്നുള്ള എമിറേറ്റ്‌സ് ഇകെ 521 വിമാനം ദുബായ് റണ്‍വേയില്‍ ഇടിച്ചിറങ്ങി തീ പിടിക്കുകയായിരുന്നു. 18 ജീവനക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 300 പേരെയും 90 സെക്കന്‍ഡിനുള്ളില്‍ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു. യാത്രക്കാരുടെ ബഗേജുകളും വിലപിടിപ്പുള്ള രേഖകളും നഷ്ടപ്പെട്ടു. ഇവര്‍ക്കു പിന്നീട് അധികൃതര്‍ നഷ്ടപരിഹാരം നല്‍കി.