| Friday, 17th July 2020, 9:12 am

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം: ജില്ല കടുത്ത നിയന്ത്രണങ്ങളിലേക്ക്; കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന തിരുവനന്തപുരത്ത് കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി. കരിങ്കുളം, കഠിനംകുളം, ചിറയിന്‍കീഴ് പഞ്ചായത്തുകള്‍ പൂര്‍ണമായും കണ്ടെയ്‌ന്ഡമെന്റ് സോണാക്കി മാറ്റിയതായി ജില്ലാ കളക്ടര്‍ നവ്‌ജ്യോത് സിംഗ് ഖോസ അറിയിച്ചു.

അഴൂര്‍, ചിറയിന്‍കീഴ്, കുളത്തൂര്‍, ചെങ്കല്‍, കാരോട്, പൂവാര്‍, പെരുങ്കടവിള, പൂവച്ചല്‍ പഞ്ചായത്തുകളിലെ കൂടുതല്‍ വാര്‍ഡുകളും കോര്‍പറേഷന്‍ പരിധിയിലുള്ള കടകംപള്ളി, പൗഡിക്കോണം, ഞാണ്ടൂര്‍കോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര, എന്നീ വാര്‍ഡുകളെയും കണ്ടെയന്‍മെന്റ് സോണാക്കി മാറ്റിയിട്ടുണ്ട്.

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജില്ലയില്‍ കഴിഞ്ഞ ദിവസം 301 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ഉറവിടമറിയാത്ത 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ജില്ലയിലെ സ്ഥിതി കണക്കിലെടുത്ത് അത്യാവശ്യ സാഹചര്യത്തിലല്ലാതെ ആരും തന്നെ പുറത്തിറങ്ങരുതെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം നടത്തേണ്ടതെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം കഴിഞ്ഞദിവസം തലസ്ഥാനത്ത് നടന്ന കേരള എന്‍ജീനിയറിംഗ് പ്രവേശന പരീക്ഷയില്‍ ഗുരുതരമായ സുരക്ഷ വീഴ്ച നടന്നതായി കണ്ടെത്തിയിരുന്നു. പലയിടത്തും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഇന്ന് പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് തിരുവനന്തപുരത്താണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more