| Monday, 22nd June 2020, 2:19 pm

കൊവിഡ്; തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സമരങ്ങള്‍ക്ക് പത്ത് പേരില്‍ കൂടാന്‍ പാടില്ലെന്നും സര്‍ക്കാര്‍ പരിപാടിയില്‍ 20 പേര്‍ മാത്രമേ പാടുള്ളൂവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ഓട്ടോയിലും ടാക്‌സിയിലും യാത്ര ചെയ്യുന്നവര്‍ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. രോഗികള്‍ക്കൊപ്പം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഗ്രാമപ്രദേശങ്ങളിലെ ചന്തകള്‍ തുറക്കാം. തീരപ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ത്തത്. തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ സഞ്ചാരപഥം വ്യക്തമാക്കിയെങ്കിലും സമ്പര്‍ക്കപ്പട്ടിക പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

ജില്ലയിലെ കണ്ടെയ്ന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള കാട്ടാക്കട പഞ്ചായത്തിലെ പത്തു വാര്‍ഡുകളിലും തിരുവനന്തപുരം നഗരസഭയിലെ മൂന്നു വാര്‍ഡുകളിലെ അഞ്ച് പ്രദേശങ്ങളിലും ഉള്ള രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.

കാട്ടാക്കട പഞ്ചായത്തിലെ പത്തു വാര്‍ഡുകളില്‍ 1495 വീടുകള്‍ ആരോഗ്യസംഘം സന്ദര്‍ശിച്ചു. ഇതുവരെ പ്രഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 280 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

106 പേരുടെ ഫലം ലഭിച്ചതില്‍ എല്ലാം നെഗറ്റീവാണ്. മണക്കാട്, ആറ്റുകാല്‍, കാലടി വാര്‍ഡുകളിലുള്ള അഞ്ചിടങ്ങള്‍ തീവ്രമേഖലയാണ്. ഇവിടെ ഇന്ന് സ്രവ പരിശോധന ആരംഭിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more