തിരുവനന്തപുരം: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സമരങ്ങള്‍ക്ക് പത്ത് പേരില്‍ കൂടാന്‍ പാടില്ലെന്നും സര്‍ക്കാര്‍ പരിപാടിയില്‍ 20 പേര്‍ മാത്രമേ പാടുള്ളൂവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
ഓട്ടോയിലും ടാക്‌സിയിലും യാത്ര ചെയ്യുന്നവര്‍ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. രോഗികള്‍ക്കൊപ്പം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഗ്രാമപ്രദേശങ്ങളിലെ ചന്തകള്‍ തുറക്കാം. തീരപ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ത്തത്. തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ സഞ്ചാരപഥം വ്യക്തമാക്കിയെങ്കിലും സമ്പര്‍ക്കപ്പട്ടിക പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.