| Wednesday, 12th February 2020, 12:16 pm

സുരേഷ് ഗോപി അംഗമായ സ്വകാര്യ ട്രസ്റ്റില്‍ ദുരിതാവസ്ഥയില്‍ കഴിയുന്ന പശുക്കളെ തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു; നടപടി ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഗോശാലയിലുള്ള പശുക്കളെ തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു.

നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി, സിനിമാ നിര്‍മാതാവ് സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയില്‍ ദുരിതാവസ്ഥയില്‍ കഴിയുന്ന പശുക്കളെയാണ് നഗരസഭ ഏറ്റെടുത്തത്.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. പശുക്കളെ വിളപ്പില്‍ശാലയിലേക്ക് മാറ്റി. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ എല്ലും തോലുമായ അവസ്ഥയിലായിരുന്നു പശുക്കള്‍.

പദ്മതീര്‍ഥക്കരയിലെ പുത്തന്‍മാളിക വളപ്പിലാണ് ഗോശാല പ്രവര്‍ത്തിക്കുന്നത്. മേല്‍ക്കൂര തകര്‍ന്നും ചാണകവും ഗോമൂത്രവും നിറഞ്ഞും ഗോശാല വൃത്തിഹീനമായിരുന്നു.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിനുള്ള പാല്‍ നല്‍കാന്‍ എന്ന പേരില്‍ താത്ക്കാലിക അനുമതി നേടിയായിരുന്നു ഗോശാല പ്രവര്‍ത്തിച്ചുപോന്നത്.

എന്നാല്‍ ഗോശാലയുടെ പ്രവര്‍ത്തനം വളരെ ശോചനീയമായ അവസ്ഥയിലാണെന്ന പരാതികള്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജൂലൈ മാസത്തില്‍ ഇവിടെ എത്തിയത്.

ഭക്ഷണവും ആവശ്യമായ പരിചരണവും ഇല്ലാതെ പശുക്കള്‍ എല്ലും തോലുമായി മാറിയ അവസ്ഥയിലായിരുന്നെന്നും പശുക്കള്‍ക്ക് ആവശ്യമായ പുല്ലോ വൈക്കോലോ പോലും ലഭ്യമാക്കാറില്ലെന്നുമാണ് അന്വേഷണത്തില്‍ മനസിലായതെന്ന് അന്ന് മന്ത്രി പറഞ്ഞിരുന്നു.

” പശുക്കളെല്ലാം അത്യാസന്ന നിലയിലാണ് എന്ന് പറയേണ്ടി വരും. വിജയകൃഷ്ണനും സുരേഷ് ഗോപിയും സുരേഷ് കുമാറും ഉള്‍പ്പെടെ പ്രമുഖരായിട്ടുള്ള ഒരുപറ്റം സമ്പന്നന്‍മാരാണ് ഈ ട്രസ്റ്റിന്റെ ആളുകള്‍ എന്നാണ് മനസിലാകുന്നത്. പശുക്കളെ സംരക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല എന്നുണ്ടെങ്കില്‍ കളക്ടറോട് പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കാനും ക്ഷേത്രത്തില്‍ ഏല്‍പ്പിക്കാനുമായിട്ടുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ‘- എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ട്രസ്റ്റ് ആവശ്യമായ പണം നല്‍കുകയോ പശുക്കള്‍ക്ക് ആഹാരത്തിനുള്ള പുല്ലും വൈക്കോലും ഒന്നും എത്തിക്കാറുമില്ലെന്നാണ് ഇവിടുത്തെ ജീവനക്കാര്‍ പറയുന്നത്. കീറിയ ടാര്‍പോളിന്‍ വലിച്ചുകെട്ടിയ താത്ക്കാലിക ഷെഡ്ഡ് മാത്രമാണ് ഉള്ളത്. പശുക്കളെ പരിപാലിക്കുന്നതിനുള്ള നടപടികളൊന്നും ഇവിടെ നടക്കുന്നില്ല. എല്ലും തോലുമായ അവസ്ഥയിലാണ് നിലവില്‍ എല്ലാ പശുക്കളും. 19 പശുക്കളും 17 കിടാങ്ങളുമടക്കം 36 പശുക്കളാണ് ഇവിടെയുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more