Kerala Local Body Election 2020
തിരുവനന്തപുരത്ത് എ.കെ.ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ ഇടത് മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 16, 05:31 am
Wednesday, 16th December 2020, 11:01 am

 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ ഇടതു മുന്നണി മുന്നേറ്റത്തിന് മങ്ങലേല്‍പ്പിച്ച് മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി.

കുന്നുകുഴി വാര്‍ഡിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി എ.ജി ഒലീനയാണ് പരാജയപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ കൗണ്‍സിലറുമായ മേരി പുഷ്പമാണ് സി.പി.ഐ.എം മേയര്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.

ഇതോടെ എ.കെ.ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന, സി.പി.ഐ.എമ്മിന്റെ ബിനു ഐ.പിയുടെ വാര്‍ഡ് കൂടിയായിരുന്ന ഇവിടെ യു.ഡി.എഫ് തിരിച്ചുപിടിച്ചിരിക്കുകയാണ്.

തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍.ഡി.എഫ് 22, എന്‍ഡി.എ 13, യു.ഡി.എഫ് നാല് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

അതേസമയം കൊച്ചി കോര്‍പറേഷലും കോഴിക്കോട് കോര്‍പ്പറേഷനിലും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടിട്ടുണ്ട്.

കോര്‍പ്പറേഷനുകളില്‍ നാലിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും ലീഡ് ചെയ്യുകയാണ്.

മുനിസിപ്പാലിറ്റികളില്‍ 35 ഇടത്ത് എല്‍.ഡി.എഫും 42 ഇടത്ത് യു.ഡി.എഫും ആണ് മുന്നേറുന്നത്.

ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും മുന്നേറുകയാണ്.

ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 99 ഇടത്ത് എല്‍.ഡിഎഫും 55 ഇടത്ത് യു.ഡി.എഫും ഒരിടത്ത് ബി.ജെ.പിയുമാണ് ലീഡ് ചെയ്യുന്നത്.

ഗ്രാമപഞ്ചായത്തുകളില്‍ 442 പഞ്ചായത്തില്‍ എല്‍.ഡി.എഫ് മുന്നേറുമ്പോള്‍ 350 ഇടങ്ങളില്‍ യു.ഡി.എഫ് മുന്നേറുന്നു. 32 ഇടങ്ങളില്‍ ബി.ജെ.പിയാണ് മുന്നില്‍.