| Wednesday, 29th September 2021, 5:35 pm

കോര്‍പ്പറേഷന്‍ യോഗത്തില്‍ കയ്യാങ്കളി; ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്തതെന്ന് ആരോപണം; ബി.ജെ.പി കൗണ്‍സിലറെ സസ്‌പെന്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ യോഗത്തില്‍ കയ്യാങ്കളി നടത്തിയ സംഭവത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍ ഗിരികുമാറിനെ സസ്പെന്റ് ചെയ്തു. ഡെപ്യുട്ടി മേയറെ കയ്യേറ്റം ചെയ്തതായാണ് ഭരണപക്ഷം ആരോപിക്കുന്നത്.

കോര്‍പ്പറേഷന്റെ സോണല്‍ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി യോഗത്തില്‍ ബഹളമുണ്ടാക്കിയത്.

എന്നാല്‍ ഇത് അജണ്ടയില്‍ ഇല്ലാത്ത വിഷയമാണെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതോടെ വാക്കുതര്‍ക്കം ആരംഭിക്കുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

തുടര്‍ന്നാണ് ബി.ജെ.പി കൗണ്‍സിലര്‍ ഗിരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്തതില്‍ അദ്ദേഹം പൊലീസിന് പരാതി നല്‍കുമെന്നും ബി.ജെ.പി അംഗങ്ങള്‍ ഡെപ്യൂട്ടി മേയറുടെ അമ്മയെ പോലും മോശമായി പറഞ്ഞ് അവഹേളിച്ചു എന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ ഭരണപക്ഷവും ബി.ജെ.പിയും പ്രതിഷേധിക്കുകയാണ്. രാത്രിയിലും കോര്‍പ്പറേഷനില്‍ തങ്ങാനാണ് ബി.ജെ.പി കൗണ്‍സിലര്‍മാരുടെ തീരുമാനം. നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കും വരെ പ്രതിഷേധം തുടരുമെന്ന് ബി.ജെ.പി പറഞ്ഞു.

എന്നാല്‍ സോണല്‍ ഓഫീസ് അഴിമതിയില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. മുഴുവന്‍ സോണല്‍ ഓഫീസുകളിലും പരിശോധന നടത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Thiruvananthapuram corporation BJP councillor suspended

We use cookies to give you the best possible experience. Learn more